ക്രിസ്തുമസ് ദിനത്തിൽ എല്ലാ യുദ്ധമുഖങ്ങളിലും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ക്രിസ്തുമസിനു മുന്നോടിയായി ഗാസയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുടുംബങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തെയും അക്രമത്തെയും അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. എല്ലാ യുദ്ധമുഖങ്ങളിലും വെടിനിർത്തലിനായി പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. ജലദോഷത്തെ തുർന്ന് വത്തിക്കാനിലെ സാന്താ മാർത്തയിലെ വസതിയിൽനിന്ന് വീഡിയോ ലൈവ് സ്ട്രീം വഴി നൽകിയ ആഞ്ചലൂസ് പ്രസംഗത്തിനിടെയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

“ഗാസയെക്കുറിച്ച് ഞാൻ ദുഃഖത്തോടെ ഓർക്കുന്നു. വളരെയേറെ ക്രൂരതയാണ് അവിടെ നടക്കുന്നത്. യന്ത്രത്തോക്കുകൾ കുട്ടികളുടെ ജീവൻ അപഹരിക്കുന്നു, സ്‌കൂളുകൾക്കും ആശുപത്രികൾക്കുംനേരെയുള്ള ബോംബാക്രമണങ്ങൾ എന്നിങ്ങനെ വളരെയേറെ ക്രൂരതകൾ. എല്ലാ യുദ്ധമുന്നണികളിലും ഉക്രൈനിലും വിശുദ്ധനാട്ടിലും മിഡിൽ ഈസ്റ്റിലും ലോകമെമ്പാടും ക്രിസ്തുമസ് ദിനത്തിൽ വെടിനിർത്തലിനായി നമുക്ക് പ്രാർഥിക്കാം” – പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

പീഡിപ്പിക്കപ്പെട്ട ഉക്രൈനിലെ അക്രമാസക്തമായ എല്ലാ ആക്രമണങ്ങളെയും ഫ്രാൻസിസ് പാപ്പ അപലപിച്ചു. “ആയുധങ്ങൾ നിശ്ശബ്ദമാക്കപ്പെടട്ടെ; ക്രിസ്മസ് കരോളുകൾ മുഴങ്ങട്ടെ!” – പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.