‘പാഴാക്കരുത് ഈ മൂന്നു കാര്യങ്ങൾ’: ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം

ദൈവത്തിൽ നിന്നുള്ള എല്ലാ നന്മകളും നമുക്കുള്ള ദാനവും കൃപയുമാണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ജനുവരി 29 -നു നൽകിയ സന്ദേശത്തിൽ, സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുള്ള വിശദീകരണ വേളയിലാണ് പാപ്പാ ഈ മൂന്ന് കാര്യങ്ങൾ പാഴാക്കിക്കളയരുതെന്ന് ഓർമ്മപ്പെടുത്തിയത്.

“പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം യേശു നമുക്ക് കാണിച്ചുതരുന്നു. ഉദാഹരണത്തിന്, അപ്പവും മത്സ്യവും വർദ്ധിപ്പിച്ച ശേഷം, ഒന്നും പാഴാകാതിരിക്കാൻ ശേഷിക്കുന്ന ഭക്ഷണം ശേഖരിക്കാൻ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു (യോഹ. 6:12). ഒന്നും നഷ്ടപ്പെടുത്താതിരിക്കുന്നതിലൂടെ നമ്മുടെയും മറ്റുള്ളവരുടെയും പക്കലുള്ള വസ്തുക്കളുടെ മൂല്യം എന്താണെന്ന് മനസിലാക്കാൻ അത് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച്, സമ്പന്നസമൂഹങ്ങളിൽ ധാരാളം മാലിന്യങ്ങളുണ്ട്. അവിടെ ‘എറിഞ്ഞുകളയുന്ന സംസ്കാരം’ വർദ്ധിച്ചുവരികയാണ്” – പാപ്പാ വെളിപ്പെടുത്തി.

‘വലിച്ചെറിയുന്ന’ ഒരു സംസ്കാരത്തിൽ മൂന്ന് കാര്യങ്ങൾ പാഴാക്കിക്കളയരുതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

1. നാമാകുന്ന സമ്മാനം പാഴാക്കരുത് 

ആദ്യത്തെ വെല്ലുവിളി, നാമാകുന്ന വലിയ സമ്മാനം പാഴാക്കരുത് എന്നതാണ്. നമ്മൾ ഓരോരുത്തരും നല്ലവരാണ്. ഓരോ സ്ത്രീയും ഓരോ പുരുഷനും കഴിവുകളിൽ മാത്രമല്ല, അന്തസ്സിലും സമ്പന്നരാണ്. അവൻ/ അവൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നു; അതിനാൽ തന്നെ വിലപ്പെട്ടവരുമാണ്.

നമുക്കുള്ളതു കൊണ്ടല്ല, നാം ആരാണെന്നതിലാണ് നാം അനുഗ്രഹിക്കപ്പെട്ടതെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തി അവനെത്തന്നെ ഉപേക്ഷിച്ച് വലിച്ചെറിയുമ്പോൾ, അവൻ/ അവൾ സ്വയം നഷ്ടപ്പെട്ടവരാകുകയാണ്. നമ്മോടു തന്നെ വെറുപ്പ് തോന്നുന്ന പ്രലോഭനങ്ങൾക്കെതിരെ ദൈവത്തിന്റെ സഹായം അപേക്ഷിക്കാം.

2. നമുക്കുള്ള സമ്മാനങ്ങൾ പാഴാക്കരുത്

രണ്ടാമത്തെ വെല്ലുവിളി, നമുക്കുള്ള സമ്മാനങ്ങൾ പാഴാക്കരുത് എന്നതാണ്. ലോകത്ത് ഓരോ വർഷവും ആകെ ഭക്ഷ്യോത്പാദനത്തിന്റെ മൂന്നിലൊന്ന് പാഴായിപ്പോകുന്നു. അതേസമയം പലരും പട്ടിണി മൂലം മരിക്കുന്നു.

പ്രകൃതിയുടെ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് ആർക്കും കുറവാകാത്ത വിധത്തിൽ പരിപാലിക്കുകയും പങ്കിടുകയും വേണം. നമുക്കുള്ളത് പാഴാക്കുന്നതിനു പകരം നീതിയുടെയും ജീവകാരുണ്യത്തിന്റെയും പരിസ്ഥിതിശാസ്ത്രം നമുക്ക് പ്രചരിപ്പിക്കാം.

3. ആളുകളെ വലിച്ചെറിയരുത്

മൂന്നാമത്തെ വെല്ലുവിളി, നമ്മുടെ ചുറ്റിനുമുള്ള ആരെയും തള്ളിക്കളയരുത് എന്നതാണ്. വലിച്ചെറിയുന്ന സംസ്കാരം, “എനിക്ക് ആവശ്യമുള്ളത്രയും ഞാൻ നിങ്ങളെ ഉപയോഗിക്കുന്നു. എനിക്ക് നിങ്ങളോട് താൽപര്യമില്ലാത്തപ്പോൾ/ നിങ്ങൾ എനിക്ക് പ്രതിബന്ധം ആയിരിക്കുമ്പോൾ ഞാൻ നിങ്ങളെ പുറത്താക്കുന്നു.” പ്രത്യേകിച്ച്, ഏറ്റവും ദുർബ്ബലരോട് ഈ മനോഭാവം പുലർത്താതിരിക്കാം. ഗർഭസ്ഥ ശിശുക്കൾ, പ്രായമായവർ, ദരിദ്രർ, അവശതയുള്ളവർ തുടങ്ങിയ ആളുകളെ ഒരിക്കലും പുറത്താക്കാൻ പാടില്ല. അവശത അനുഭവിക്കുന്നവരെ നമ്മിൽ നിന്നും അകറ്റിക്കളയരുത്.

ഓരോ വ്യക്തിയും ഒരു വിശുദ്ധ ദാനമാണ്. ഓരോ വ്യക്തിയും അവരുടെ പ്രായമോ, അവസ്ഥയോ എന്തു തന്നെയായാലും ഒരു അദ്വിതീയ സമ്മാനമാണ്. നമുക്ക് എല്ലായ്‌പ്പോഴും ജീവിതത്തെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.