ബഹ്‌റൈൻ ഫോറത്തിന്റെ സമാപനവേദിയിൽ ഫ്രാൻസിസ് പാപ്പാ

നവംബർ മൂന്ന് (വ്യാഴാഴ്ച) മുതൽ ആറാം തീയതി (ഞായറാഴ്ച) വരെ നീളുന്ന, ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ സൈനിക ബഹുമതികളോടെയാണ് പാപ്പായെ ബഹ്‌റൈൻ രാജകുടുംബം സ്വീകരിച്ചത്. അൽ-ഫിദ ചത്വരത്തിൽ, “ബഹ്‌റൈൻ ഫോറം: കിഴക്കും പടിഞ്ഞാറും മാനവിക സഹവാസത്തിനായി” എന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് പാപ്പാ പങ്കെടുത്തത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടവ്യക്തികളും മതനേതാക്കളും പങ്കെടുത്ത ഈ ഫോറം, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്, സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസ് എന്നീ സംഘടനകൾ ചേർന്നാണ് സംഘടിപ്പിച്ചത്. പരസ്പര സംവാദങ്ങളുടെ പാലങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഈ ഫോറത്തിന്റെ വിവിധ സമ്മേളനങ്ങൾ, ആഗോള സഹവാസം, മാനവിക സഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുക, കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ മതനേതാക്കളുടെയും വിദ്യാധനരുടെയും പങ്ക്, മതാന്തര സംവാദങ്ങൾ, ലോകസമാധാനം നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

സമ്മേളന സ്ഥലത്തെത്തിയ പാപ്പായെ ബഹ്‌റൈൻ രാജാവും അൽ-അസ്‌ഹറിലെ വലിയ ഇമാമും ചേർന്നാണ് സ്വീകരിച്ചത്. ‘സമാധാനവൃക്ഷത്തിന്റെ ചടങ്ങ്’ എന്ന് പേരിട്ട കർമ്മത്തിൽ, ഫ്രാൻസിസ് പാപ്പാ ഒരു വൃക്ഷച്ചുവട്ടിൽ സമാധാന പ്രതീകാത്മകമായി ജലമൊഴിക്കുകയും ചെയ്തു. പാപ്പായും ബഹ്‌റൈൻ രാജാവും ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തികൾ ഉപവിഷ്ടരായിരുന്ന പ്രധാനവേദിക്കു മുൻപിൽ ദീർഘചതുരാകൃതിയിലുള്ള രണ്ടു കൂടാരങ്ങളിലാണ് ബഹ്‌റൈൻ ഫോറത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ മതങ്ങളുടെ പ്രതിനിധികൾ, പൊതുസമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയ നൂറുകണക്കിന് ആളുകൾ ഇരുന്നത്. പ്രാദേശികസമയം രാവിലെ പത്തു മണിയോടെ സമ്മേളനം ആരംഭിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.