പാപ്പായുടെ ബഹ്‌റൈൻ യാത്ര: ഔദ്യോഗികചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു

നവംബർ മൂന്നു മുതൽ ആറുവരെ നീളുന്ന ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു. വി. ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ അധികരിച്ചുള്ളതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം – “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.”

ബഹ്‌റൈനിൽ ആദ്യമായാണ് ഒരു മാർപാപ്പാ എത്തുന്നത്. യുദ്ധങ്ങളും സംഘർഷങ്ങളും ലോകസമാധാനത്തിനു തന്നെ ഭീഷണിയായിരിക്കുന്ന ഒരു സമയത്താണ് സമാധാനത്തിന്റെ സന്ദേശവാഹകനായി ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തിയൊൻപതാമത് അപ്പസ്തോലിക യാത്ര നടത്തുന്നത്. ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾ പോലെ ബഹ്‌റൈന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ലോഗോ. സഹോദരങ്ങൾ എന്ന നിലയിൽ പരസ്പര സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിശ്ചയദാർഢ്യത്തെ കൂടിയാണ് ഈ ലോഗോ പ്രതിനിധീകരിക്കുന്നത്. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ബഹ്‌റൈൻ രാജ്യം അവിടുത്തെ കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച “അറേബ്യയിലെ നമ്മുടെ കന്യക” എന്ന പേരിലുള്ള കത്തീഡ്രലിലെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെ അടയാളമായി ഫ്രാൻസിസ് പാപ്പായുടെ പേര് നീല നിറത്തിലാണ് എഴുതിയിരിക്കുന്നത്. യേശുവിന്റെ ജനനത്തിൽ മാലാഖമാർ ആലപിച്ച ഗീതത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടതാണ് സമാധാനത്തിനായുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഈ യാത്രയുടെ ആപ്തവാക്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.