വത്തിക്കാൻ കമ്മിറ്റിയിൽ സ്ത്രീകളെയും അംഗങ്ങളാക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന വത്തിക്കാൻ കമ്മിറ്റിയിലേക്ക് രണ്ട് വനിതകളെ നിയമിക്കുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ. ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ആദ്യമായി സ്ത്രീകളെ നിയമിക്കും” – പാപ്പാ പറഞ്ഞു. ആരെയാണ് നിയമിക്കുന്നതെന്നോ, അവരുടെ നിയമനം എപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നോ പാപ്പാ അറിയിച്ചിട്ടില്ല. പകരം സ്ത്രീകൾക്ക് അവസരം നൽകാൻ താൻ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും ബിഷപ്പുമാരെ നിയമിക്കുന്നതിലെ ആത്യന്തിക തീരുമാനം മാർപാപ്പയുടേതാണ്. പാപ്പായ്ക്ക് ആരെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

വത്തിക്കാൻ വകുപ്പുകളിലേക്ക് ഫ്രാൻസിസ് പാപ്പാ ഇതിനോടകം നിരവധി സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ ബാർബറ ജട്ടയെ 2016-ൽ വത്തിക്കാൻ മ്യൂസിയത്തിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു. 2017-ലാണ് ബാർബറ ജട്ട അധികാരമേറ്റത്. 2021 ഫെബ്രുവരിയിൽ സി. നതാലി ബെക്വാർട്ടിനെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർ സെക്രട്ടറിയായും പാപ്പാ നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.