സൈപ്രസിലെ ഓർത്തഡോക്സ് സഭാനേതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

സൈപ്രസിലെ ഓർത്തഡോക്സ് സഭയുടെ ആർച്ചുബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്റെ വേർപാടിൽ സൈപ്രസിലെ ജനങ്ങളോടും സഭയോടും തന്റെ അഗാധമായ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. സൈപ്രസിലെ ഓർത്തഡോക്സ് സഭയുടെ നേതാവ് നവംബർ ഏഴിനാണ് കാൻസർ ബാധിച്ച് അന്തരിച്ചത്.

“ആർച്ചുബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്റെ മരണത്തിൽ ദേശീയദുഃഖത്തിൽ കഴിയുന്ന സൈപ്രസ് ജനതയുടെ വേദനയിൽ പ്രാർത്ഥനയോടെ ഞാനും പങ്കുചേരുന്നു. അദ്ദേഹം ഭാവിയെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു. സംഭാഷണത്തിന്റെ മനുഷ്യനും സമാധാനത്തെ സ്നേഹിക്കുന്നവനുമായിരുന്നു. അദ്ദേഹം രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു” – മാർപാപ്പ പറഞ്ഞു.

“കഴിഞ്ഞ വർഷം എന്റെ സന്ദർശനവേളയിൽ സൈപ്രസിൽ ഞങ്ങൾ പങ്കിട്ട സാഹോദര്യയോഗങ്ങൾ നന്ദിയോടെ സ്‌നേഹത്തോടെ ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം” – വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.