രണ്ട് വർഷത്തിനുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഈസ്റ്റർ ബലിയർപ്പിച്ച് മാർപാപ്പ

2022- ലെ ഈസ്റ്റർ കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. കോവിഡ് പകർച്ചവ്യാധി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയായിരുന്നു ഈസ്റ്റർ കുർബാന.

ഉത്ഥിതനായ ഈശോയുടെ രൂപത്തെ ആദരിക്കുന്ന ‘റിസർറെക്‌സിറ്റ്’ അനുഷ്ഠാനത്തിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. ലത്തീൻ ഭാഷയിൽ ആലപിച്ച ഈ അനുഷ്ഠാനത്തിൽ വി. മറിയം മഗ്ദലനയെയും, വി. പത്രോസ് അപ്പോസ്തലനെയുമാണ് അനുസ്മരിക്കുന്നത്. പിന്നീട് ഡീക്കന്മാർ ഉത്ഥിതനായ ഈശോയുടെ രൂപത്തിന്റെ മറ നീക്കി. തുടർന്ന് മാർപാപ്പ വിശുദ്ധ ജലം തളിച്ച് പരിശുദ്ധ കുർബാനയർപ്പണം തുടർന്നു.

280 വൈദികർ, 25 ബിഷപ്പുമാർ, 23 കർദ്ദിനാൾമാർ എന്നിവർക്കൊപ്പമാണ് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പിച്ചത്. റോമിലെ നോർത്ത് അമേരിക്കൻ കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും മാർപാപ്പയുടെ കുർബാനയിൽ ശുശ്രൂഷകരായിരുന്നു. ഏകദേശം 50,000 വിശ്വാസികളാണ് പാപ്പായുടെ വിശുദ്ധ ബലിയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.