ഉക്രൈൻ അഭയാർത്ഥികൾക്ക് വിതരണം ചെയ്യാൻ ഈസ്റ്റർ സമ്മാനങ്ങൾ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ

പോളണ്ടിലുള്ള ഉക്രൈൻ അഭയാർത്ഥികൾക്ക് വിതരണം ചെയ്യാൻ 10000 സമ്മാന പൊതികൾ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 11- ന് കത്തോലിക്കാ സംഘടനായ നൈറ്റ്സ് ഓഫ് കൊളംമ്പസിന്റെ തലവനായ പാട്രിക് കെല്ലിയും കുടുംബവുമായി വത്തിക്കാനിൽ നടന്ന സ്വകാര്യ സദസിലാണ് പാപ്പാ സമ്മാനങ്ങൾ ആശീർവദിച്ചത്.

ഭക്ഷണസാധനങ്ങളും പെസഹാ മെഴുകുതിരിയും അടങ്ങുന്നതാണ് സമ്മാനപ്പൊതികൾ. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ഒരു പാരമ്പര്യമാണ് ഈസ്റ്ററിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. “യുദ്ധത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഉക്രൈനിലും പോളണ്ടിലും ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങളും ഫ്രാൻസിസ് മാർപാപ്പയോട് പങ്കുവെയ്ക്കാൻ എനിക്ക് അവസരം ലഭിച്ചു. ഉക്രേനിയൻ കുടുംബങ്ങൾക്ക് ഈ സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നതിലൂടെ, യുദ്ധത്തിന്റെ ഈ സമയത്തും ഞങ്ങൾ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചവും പ്രത്യാശയും പങ്കിടുകയാണ്”- പാട്രിക്ക് പറഞ്ഞു.

1882- ൽ, ന്യൂ ഹേവനിൽ നിന്നുള്ള വൈദികനായ വാഴ്ത്തപ്പെട്ട ഫാ. മൈക്കൽ മക്ഗിവ്‌നിയാണ് കുടിയേറ്റക്കാരായ കത്തോലിക്കരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസ് എന്ന സംഘടന സ്ഥാപിച്ചത്. കത്തോലിക്കാ കുടുംബങ്ങളെയും ഇടവകകളെയും ശക്തിപ്പെടുത്തുകയും അവരെ സഹായിക്കുകയും ചെയ്യുക വഴി വിശ്വാസം പ്രാവർത്തികമാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.