തൊഴിലില്ലായ്മ മൂലം വേദനിക്കുന്നവരോട് കരുണ കാണിക്കണം: ഫ്രാൻസിസ് മാർപാപ്പ

തൊഴിലില്ലായ്മ മൂലം നിരാശ അനുഭവിക്കുന്നവരോട് കരുണ കാണിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ജൂൺ ഒൻപതിന് ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ ബിഷപ്പുമാരുമായും വൈദികരുമായും വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“തൊഴിലില്ലായ്മ മൂലം സിസിലിയിൽ പല കുട്ടികളും സ്കൂൾതലത്തിൽ തന്നെ വിദ്യാഭ്യാസം നിർത്തുകയും പണം സമ്പാദിക്കാനായി കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്യുകയാണ്. എന്നാൽ സിസിലിയിലെ നിലവിലെ സാഹചര്യത്തിന് മാറ്റം സംഭവിക്കുന്നുണ്ട്. ജനനനിരക്ക് കുറയുന്നതും അതോടൊപ്പം യുവാക്കൾ ജോലി തേടി അന്യനാട്ടിലേക്ക് പോകുന്നതുമാണ് ഈ മാറ്റത്തിനു കാരണം” – പാപ്പാ പറഞ്ഞു. സാഹചര്യം എന്തു തന്നെയായാലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിന് തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ സിസിലിയിലെ വൈദികരോട് ആഹ്വാനം ചെയ്തു. വിശ്വാസികളോട് കരുണ, സാമീപ്യം, എന്നിവ പുലർത്തണമെന്നും ഇവയാണ് ക്രിസ്തു അനുയായികളുടെ അടയാളമെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.