അത്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയെ നിയമിച്ച് മാർപാപ്പ

ബ്രസീലിയൻകാരനായ ഗ്ലീസൺ ഡി പോള സൂസയെ അത്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 38 വയസുള്ള അദ്ദേഹം ഇറ്റാലിയൻ ഹൈസ്‌കൂളിൽ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്ന ഒരു യുവ ബ്രസീലിയൻ അത്മായനാണ്. വത്തിക്കാൻ പ്രസ് ഓഫീസ് 2022 നവംബർ 17- നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1984 മെയ് 14- ന് തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്താണ് ഗ്ലീസൺ ഡി പോള സൗസ ജനിച്ചത്. 2005 മുതൽ 2016 വരെ, ഇറ്റലിയിലെ വളരെ പ്രശസ്തനായ പുരോഹിതനായ ഫാ. ലൂയിജി ഓറിയോണിന്റെ (1872-1940) പേരിലുള്ള ‘ഓറിയോണിൻ ഫാദേഴ്‌സ്’ എന്ന് അറിയപ്പെടുന്ന ഒരു ആത്മീയകുടുംബത്തിലെ അംഗമായിരുന്നു. 2014 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ, അന്നും സെമിനാരിയൻ ആയിരുന്ന ഡി പോള സൂസയെ സ്വീകരിച്ചതായി ഇറ്റാലിയൻ ദിനപത്രമായ ലാ സ്റ്റാമ്പ റിപ്പോർട്ട് ചെയ്തു. ഇത് അദ്ദേഹത്തിന്റെ മാർപാപ്പയുമായുള്ള വ്യക്തിപരമായ സൗഹൃദത്തെ സൂചിപ്പിക്കുന്നു.

2015- ൽ റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് ഓറിയോണിൻ ഫാദേഴ്‌സിനൊപ്പമുള്ള അദ്ദേഹത്തിന്റെ രൂപീകരണയാത്ര വൈദികനാകുന്നതിനു മുൻപ് നിലച്ചു. ഇന്ന് അദ്ദേഹം വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.

2019 -ൽ തെക്കൻ ഇറ്റലിയിലെ ലെക്‌സിലെ സലെന്റോ സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടി. ഇറ്റലിയിൽ, എല്ലാ സ്കൂളുകളിലും കത്തോലിക്കാ വിശ്വാസം പഠിപ്പിക്കേണ്ടതുണ്ട്. എന്നാൽ ക്‌ളാസിൽ പങ്കെടുക്കണോ എന്നുള്ളത് വിദ്യാർത്ഥികളുടെ തീരുമാനമാണ്.

ഗ്ലീസൺ ഡി പൗലോ സൂസ ഈ ഡിക്കാസ്റ്ററിയുടെ ആദ്യത്തെ അത്മായ സെക്രട്ടറിയാണ്. 2023 ആഗസ്റ്റിൽ ലിസ്ബണിൽ നടക്കുന്ന അടുത്ത ലോക യുവജനദിനത്തിന്റെ ഓർഗനൈസേഷന്റെ ചുമതല ഈ ഡിക്കാസ്റ്ററിക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.