ലോക യുവജന ദിനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഔദ്യോഗികമായി അറിയിച്ച് പാപ്പാ

പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന ദിനത്തിന്റെ രജിസ്‌ട്രേഷൻ ടാബിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 23 -ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുമ്പിൽ വെച്ചാണ് 2023 നടക്കുന്ന ലോക യുവജന ദിനത്തിന്റെ രജിസ്‌ട്രേഷൻ പാപ്പാ നിർവഹിച്ചത്. ഇതോടെ ലോക യുവജന ദിനത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ വ്യക്തിയായി ഫ്രാൻസിസ് പാപ്പാ.

2023-ലെ ലോക യുവജന ദിനത്തിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചതായി മാർപ്പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ് 1-6 തീയതികളിൽ നടക്കാനിരിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കത്തോലിക്കാ യുവജന സംഗമമാണിത്. “പ്രിയപ്പെട്ട യുവജനങ്ങളേ, ഈ മീറ്റിംഗിൽ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ സമ്മേളനത്തിലൂടെ വളരെനാളുകൾ അകലങ്ങളിൽ ആയിരുന്ന നാം ഒന്നിച്ചായിരിക്കുന്നതിന്റെ സന്തോഷം വീണ്ടും കണ്ടെത്തും,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

16 നും 35 നും ഇടയിൽ പ്രായമുള്ളവരെയാണ് ലോക യുവജന ദിനം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ ആഗോള സമ്മേളനം സാധാരണയായി മൂന്ന് വർഷം കൂടുമ്പോൾ ആണ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് -19 പകർച്ചവ്യാധി മൂലം 2023 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 1985-ൽ ആണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക യുവജന സംഗമം ആരംഭിച്ചത്.

2023 ലെ ലോക യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ ആണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഫാത്തിമയിൽ നിന്ന് 75 മൈൽ അകലെയാണ് ഈ സ്ഥലം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.