
കസാക്കിസ്ഥാനിൽ നടക്കുന്ന ലോക മതസമ്മേളനത്തിൽ പങ്കെടുക്കാനൊരുങ്ങി മാർപാപ്പയും പാത്രിയാർക്കീസ് കിറിലും. കസാക്കിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിൽ സെപ്റ്റംബർ 14, 15 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.
വിവിധ മതനേതാക്കൾ പങ്കെടുക്കുന്ന ലോക മതസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കുമെന്ന് ഏപ്രിൽ 12-ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഈ സമ്മേളനത്തിൽ മോസ്കോയിലെ റഷ്യൻ ഓർത്തോഡോക്സ് സഭയുടെ തലവനായ പാത്രിയാർക്കീസ് കിറിലും പങ്കെടുക്കുമെന്ന് മേയ് ഒന്നിന് കസാക്കിസ്ഥാനിലെ മോസ്കോ അംബാസഡറായ യെർമെക് കോഷർബയേവ് സ്ഥീരീകരിച്ചു. അതിനാൽ കസാക്കിസ്ഥാനിൽ നടക്കുന്ന ഏഴാമത്തെ ലോക മതസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായും പാത്രിയാർക്കീസ് കിറിലും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിശ്വാസിസമൂഹം പ്രതീക്ഷിക്കുന്നത്.
2021 ഡിസംബറിൽ പാപ്പാ സൈപ്രസ്സ്, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കു നടത്തിയ അപ്പോസ്തോലിക യാത്രയുടെ മടക്കത്തിൽ, പാത്രിയാർക്കീസ് കിറിലുമായി അധികം വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് സൂചിപ്പിച്ചിരുന്നു.