അന്തർമതസംവാദം ആധുനിക ലോകത്തിൽ ദൈവകൃപയുടെ അടയാളം

അന്തർമതസംവാദം കാലത്തിന്റെ അടയാളമാണ്. അത് ദൈവകൃപയുടെ ഒരു അടയാളമായാണ് താൻ പരിഗണിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. കാൽമുട്ടിലെ വേദന വർദ്ധിച്ചതു മൂലം അന്തർദേശിയ യഹൂദ അന്തർമത കൂടിയാലോചനാ സമിതിയെ നേരിട്ടു കണ്ട് സംസാരിക്കാൻ കഴിയാതിരുന്നതിനാൽ പാപ്പാ തയ്യാറാക്കിയ പ്രഭാഷണം അച്ചടിച്ച് പാപ്പായുടെ പേരിൽ കർദ്ദിനാൾ കുർട്ട് കോഹാണ് സമിതിയിൽ അവതരിപ്പിച്ചത്.

യഹൂദരും ക്രൈസ്തവരും കൂടുതലായി കണ്ടുമുട്ടുകയും നമ്മുടെ പാശ്ചാത്യസമൂഹങ്ങളിൽ കണ്ടുവരുന്ന ചില നിഷേധാത്മക പ്രവണതകളെ നേരിടാൻ ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിർണ്ണായകമാണ്. കാരണം, എല്ലാവരെയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കരുണയുടെയും നീതിയുടേയും ദൈവത്തിന് ഒരുമിച്ചു സാക്ഷ്യം വഹിക്കാനാണ് യഹൂദരും ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നത് – പാപ്പാ ചൂണ്ടിക്കാട്ടി.

വിയോജിപ്പുകളെയും ഭിന്നതകളെയും സംഘർഷങ്ങളേയും ഏറ്റുമുട്ടലിലൂടെയല്ല മറിച്ച് മുൻവിധികളില്ലാത്ത സമാധാനപരമായ ഉദ്ദേശ്യങ്ങളോടെ എല്ലാവർക്കും സ്വീകാര്യമായ ഐക്യത്തിന്റെ മേഖലകൾ കണ്ടെത്താനുള്ള ലക്ഷ്യത്തോടെ അഭിസംബോധന ചെയ്യാൻ നമ്മുടെ മതപാരമ്പര്യങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു എന്ന് തന്റെ പ്രഭാഷണത്തിൽ പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.