‘ഇത് പ്രതീക്ഷയുടെ അടയാളമാണ്’ – ഉക്രൈനിൽ നിന്ന് ധാന്യക്കപ്പലുകൾ പുറപ്പെടുന്നതിനെക്കുറിച്ച് മാർപാപ്പ

യുദ്ധം ആരംഭിച്ചതിനു ശേഷം തുറമുഖങ്ങളിൽ കുടുങ്ങിയ ഉക്രൈനിൽ നിന്നുള്ള ധാന്യക്കപ്പലുകൾ പുറപ്പെടുന്നതിനെ ‘പ്രതീക്ഷയുടെ അടയാളം’ എന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ആഗസ്റ്റ് ഏഴിന് ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുദ്ധം തുടങ്ങിയതിനു ശേഷം ധാന്യം നിറച്ച കപ്പലുകൾ ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതിനെ സന്തോഷത്തോടെ അഭിവാദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും പ്രയോജനം ചെയ്യുന്ന സംവാദങ്ങൾ നടത്താനും പ്രതീക്ഷയുടെ അടയാളമായും ഈ പ്രവർത്തി സൂചിപ്പിക്കുന്നു. എത്രയും വേഗം പോരാട്ടം അവസാനിപ്പിച്ച് നീതിപൂർവ്വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു” – പാപ്പാ വെളിപ്പെടുത്തി.

ജൂലൈ 22-ന്, യുഎന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥതയോടെ, ഉക്രൈനും റഷ്യയും ഒരു കരാറിൽ ഒപ്പു വച്ചു. അതിലൂടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള ധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ കീവിനെ അനുവദിക്കുന്നു. റഷ്യയും ഉക്രൈനും ഗോതമ്പ് കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളാണ്. കയറ്റുമതി പുനരാരംഭിക്കുന്നതോടെ പട്ടിണിയുടെ പ്രശ്നം ലഘൂകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.