വിശ്വാസ തിരുസംഘത്തിന്റെ ആഭ്യന്തര ഘടന മാർപ്പാപ്പ നവീകരിച്ചു

2022 ഫെബ്രുവരി 14 -ന് പ്രസിദ്ധീകരിച്ച ‘ഫിദെം സെർവരെ’ ( Fidem servare – വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള വിഭാഗവും (Doctrinal Section) അച്ചടക്ക നടപടികൾക്കായുള്ള വിഭാഗവും (Disciplinary Section).

വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ കത്തോലിക്കാ വിശ്വാസ സത്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ആദ്യ വിഭാഗത്തിൻ്റെ ചുമതല. രണ്ടാമത്തെ വിഭാഗത്തിന് അച്ചടക്ക കാര്യങ്ങളിലാണ് ചുമതല. പ്രധാനമായും വൈദീകാന്തസ്സിലുള്ളവരുടെ ദുരുപയോഗങ്ങൾക്കുള്ള നടപടിക്രമങ്ങൾ ഇവിടെ ഗൗരവപൂർവ്വം പരിഗണിക്കും.

തിരുസംഘത്തിൻ്റെ തലവനായി ഒരു പ്രിഫെക്‌റ്റും രണ്ട് സെക്രട്ടറിമാരും ഉണ്ടാവും. 2017 ജൂലൈ ഒന്നുമുതൽ സ്പയിനിൽ നിന്നുള്ള ഈശോസഭാഗം കർദ്ദിനാൾ ലൂയിസ് ലദാരിയ (ലൂയിസ് ഫ്രാൻസിസ്കോ ലദാരിയ ഫെറർ) ആണ് വിശ്വാസ തിരുസംഘത്തിൻ്റെ തലവൻ.

കത്തോലിക്കാ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് മാത്രമല്ല, അതിന്റെ പ്രബോധനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വികസിപ്പിക്കുന്നതിനും സഭയ്ക്ക് നിലവിലുള്ള കടമ ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഈ മോത്തു പ്രോപിയായിൽ സ്ഥിരീകരിക്കുന്നു. അവ ശാസ്ത്രത്തിന്റെയും സാമൂഹിക വികസനത്തിന്റെയും പുരോഗതിയുടെ ഫലമായി ഉയർന്നുവരുന്ന ചോദ്യങ്ങളുടെ വീക്ഷണത്തിലും ആയിരിക്കണമെന്നും മാർപാപ്പ ഓർമിപ്പിക്കുന്നു. സുവിശേഷവൽക്കരണത്തിൽ വിശ്വാസത്തിന്റെ കൈമാറ്റം സുഗമമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്ത ആംഗ്ലിക്കൻ വൈദീകരിൽനിന്നും സമൂഹങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളും തിരുസംഘത്തിലെ ആദ്യ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ‘Anglicanorum coetibus’ എന്ന തിരുവെഴുത്തു വഴി ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് 2009 -ൽ പേഴ്സണൽ ഓർഡിനേറിയറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം തിരുസംഘത്തിൻ്റെ കീഴിലാക്കിയത്. ‘ഹോളി ഇൻക്വിസിഷൻ’ എന്നു മുമ്പു അറിയപ്പെട്ടിരുന്ന തിരുസംഘത്തിൻ്റെ ചരിത്ര ശേഖരണവും തിരുസംഘത്തിൻ്റെ പരിധിയിലാണ്.

റോമൻ കൂരിയിലെ ഏറ്റവും പഴയ തിരുസംഘമാണ് വിശ്വാസ തിരുസംഘം.1542 -ൽ ജൂലൈ ഇരുപത്തിയൊന്നാം തീയതി Licet ab initio എന്ന അപ്പസ്തോലിക ഭരണഘടന വഴി പോൾ മൂന്നാമൻ മാർപാപ്പയാണ് വിശ്വാസ തിരുസംഘത്തെ സ്ഥാപിച്ചത്. Supreme Sacred Congregation of the Roman and Universal Inquisition എന്നാണ് ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. 1908 മുതൽ 1965 വരെ the Supreme Sacred Congregation of the Holy Office എന്നായിരുന്നു തിരുസംഘത്തെ വിളിച്ചിരുന്നത്. ഫ്രാൻസീസ് മാർപാപ്പ 2018 -ൽ മൂന്നു സ്ത്രീകളെ വിശ്വാസ തിരുസംഘത്തിൽ കൺസൾട്ടർമാരായി നിയമിച്ചിരുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.