ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കേ രക്തസാക്ഷിയായ ഫാ. സ്തനിസ്ലാവ് കോസ്ത്ക ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കേ രക്തസാക്ഷിയായ ഫാ. സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. പോളണ്ടുകാരനായ അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മങ്ങൾ നടന്നത് മെയ് 24-ന് പോളണ്ടിലെ പൊസ്നാനിൽ ആയിരുന്നു.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. 1902 ആഗസ്റ്റ് 27-ന് പോളണ്ടിലെ ബീദ്ഗോഷ്ചിൽ ജനിച്ച സ്തനിസ്ലാവ് സെമിനാരിയിൽ ചേരുകയും 1925 ജൂൺ ആറിന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

കുട്ടികളുടെയും യുവജനങ്ങളുടെ അജപാലനത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം തൊഴിലാളികളെയും തൊഴിൽരഹിതരെയും ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനു സദാ പരിശ്രമിച്ച വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വിരുദ്ധമാണെന്ന ചിന്തയെ തുടർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

1938 ഫെബ്രുവരി 27-ന് ഫാ. സ്തനിസ്ലാവ് കോസ്ത്കയെ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കെ അജ്ഞാതർ അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.