
ഇല്ലിനോയിസിലെ ഹോംവുഡിലുള്ള ഔറേലിയോസ് പിസാ ഷോപ്പിലെ ജീവനക്കാർക്ക് ഇപ്പോൾ ഇരട്ടിസന്തോഷമാണ്. കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുകഴിഞ്ഞു എന്നതാണ് ഒരു സന്തോഷമെങ്കിൽ, പുതിയ പാപ്പയെ ഇവർക്കെല്ലാം വ്യക്തിപരമായി അറിയാം എന്നതാണ് മറ്റൊരു കാരണം.
ഇല്ലിനോയിസിലെ ഡോൾട്ടണിൽ വളർന്ന ലെയോ പാപ്പയുടെ സുപരിചിത സ്ഥലങ്ങളിലൊന്നാണ് ഈ പിസാ ഷോപ്പ്. 2024 ആഗസ്റ്റിൽ അദ്ദേഹം ഇവിടം സന്ദർശിച്ചിരുന്നു. ആ സന്ദർശനവേളയിൽ, സുഹൃത്തുക്കളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തിയത് അവരെല്ലാം ഓർമ്മിക്കുന്നു.
ഔറേലിയോസ് ഒരു പിസ്സ ശൃംഖലയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളം ഷോപ്പുകളുണ്ടെങ്കിലും ഇല്ലിനോയിസിലാണ് കൂടുതലും ശാഖകളുള്ളത്. കഴിഞ്ഞ ഓഗസ്റ്റിൽ, അദ്ദേഹം അവിടെ സന്ദർശിച്ചപ്പോൾ ഒരു പെപ്പറോണി പൈ ആയിരുന്നു കഴിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത്. ഇപ്പോൾ ഔറേലിയോ അതിനെ ‘പോപ്പറോണി’ എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, പോപ്പറോണി എന്ന ട്രേഡ്‌മാർക്കും നൽകിയിട്ടുണ്ട്. കടയിൽ പിസ കഴിക്കാൻ വരുന്നവർക്ക്, പാപ്പ അന്ന് ഇരുന്ന കസേരയിൽ ഇരിക്കാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.