വി. മദർ തെരേസയുടെ മാദ്ധ്യസ്ഥത്തിലൂടെ കാൻസർ രോഗം സുഖപ്പെട്ട വൈദികൻ

പെറുവിലെ ഒരു മിഷനറി വൈദികനാണ് ഫാ. ഒമർ സാഞ്ചസ് പോർട്ടിലോ. വി. മദർ തെരേസയെ അദ്ദേഹം ‘എന്റെ തെരേസ’ എന്നാണ് വിളിക്കുന്നത്. കാരണം മദറിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെ തിരികെ ലഭിച്ചതാണ് ഫാ. ഒമറിന്റെ ഈ ജീവിതം. കാൻസർ രോഗബാധിതനായ അദ്ദേഹം തന്നെയാണ് വി. മദർ തെരേസയുടെ മദ്ധ്യസ്ഥതയിലൂടെ താൻ സുഖപ്പെട്ട വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളെ അറിയിച്ചത്.

ഈ പെറൂവിയൻ വൈദികൻ അസ്സോസിയേഷൻ ഓഫ് ദി ബീറ്റിറ്റ്യൂഡിന്റെ ഡയറക്ടറാണ്. ഈ സംഘടന പ്രായഭേദമെന്യേ, ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ഉപേക്ഷിക്കപ്പെട്ട അനേകരെയാണ് ശുശ്രൂഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ, തനിക്ക് കാൻസർ രോഗമാണെന്ന് വാർത്ത അറിയിച്ചത്‌.

അങ്ങനെ രോഗാവസ്ഥയിൽ തന്നെ അദ്ദേഹം ഈസ്റ്റർ കുർബാനയർപ്പണത്തിനായി എത്തി. അന്നത്തെ പരിശുദ്ധ കുർബാനയ്‌ക്കു ശേഷം അദ്ദേഹത്തെ കാണാൻ ഒരു സുഹൃത്ത് വന്നു. ആ സുഹൃത്ത് ഒരു ഈസ്റ്റർ സമ്മാനവുമായാണ് വന്നത്; അത് മറ്റൊന്നുമല്ല, തന്റെ പ്രിയപ്പെട്ട വിശുദ്ധയായ മദർ തെരേസയുടെ തിരുശേഷിപ്പ്. അത് ലഭിച്ച ഫാ. ഒമർ, തന്റെ രോഗം സ്ഥിരീകരിച്ച ശരീരഭാഗത്ത് അത് വയ്ക്കുകയും സൗഖ്യത്തിനായി വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും ചെയ്തു. പിറ്റേ ദിവസം വൈകിട്ട് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അദ്ദേഹത്തെ ഒരു സന്തോഷവാർത്ത അറിയിച്ചു. അന്ന് വന്ന ഹെൽത്ത് റിപ്പോർട്ടിൽ അദ്ദേഹത്തിന് കാൻസർ ഇല്ലായെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇനി ഒരുതരത്തിലുമുള്ള കാൻസർ ചികിത്സയും ഫാ. ഒമറിന് ആവശ്യമില്ലായെന്നും ഡോക്ടർ അറിയിച്ചു.

സന്തോഷാധിക്യത്താൽ അദ്ദേഹം വി. മദർ തെരേസയിലൂടെ പ്രവർത്തിച്ച ദൈവത്തിന് നന്ദി പറഞ്ഞു; ഒപ്പം തന്നെ തനിക്കു വേണ്ടി പ്രാർത്ഥിച്ച അനേകർക്കും. താൻ തുടർന്നും പാവപ്പെട്ടവരെ സേവിക്കുന്നതും സ്നേഹിക്കുന്നതും തുടരുമെന്ന് ഫാ. ഒമർ പറഞ്ഞു.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.