
സമാധാനമാണ് ഇന്നത്തെ മനുഷ്യർ തീവ്രമായി ആഗ്രഹിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 28-ന് മംഗോളിയയിൽ നിന്നുള്ള ബുദ്ധസന്യാസിനികളെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“എല്ലാ തലങ്ങളിലുമുള്ള സംവാദങ്ങളിലൂടെ സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാ തരത്തിലുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നാം പ്രവർത്തിക്കണം. അക്രമത്തെയും വിദ്വേഷത്തെയും ന്യായീകരിക്കാൻ മതത്തെപ്പോലും പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. യേശുവും ബുദ്ധനും സമാധാനസ്ഥാപകരും അഹിംസയുടെ പ്രചാരകരുമായിരുന്നു. മാത്രമല്ല, ബുദ്ധൻ നൽകിയ പ്രധാന സന്ദേശവും അഹിംസയും സമാധാനവുമാണ്” – പാപ്പാ പറഞ്ഞു. അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത പിന്തുടരാൻ മനുഷ്യരാശിയെ പ്രചോദിപ്പിക്കേണ്ടത് മതനേതാക്കളുടെ കടമയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മംഗോളിയയും വത്തിക്കാനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്.