ക്രൈസ്തവരുടെ കുരുതിക്കളമായി മാറുന്ന നൈജീരിയ; നവംബറിൽ മാത്രം കൊല്ലപ്പെട്ടത് 40 ക്രൈസ്തവർ

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. നവംബർ മാസത്തിൽ മാത്രം നാൽപതോളം ക്രൈസ്തവ വിശ്വാസികളാണ് വിവിധ തീവ്രവാദി സംഘങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ മുപ്പതും, കടുന സ്റ്റേറ്റിൽ പത്തും ക്രൈസ്തവ വിശ്വാസികൾ തീവ്രവാദ സംഘടനകൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കുന്നതിനും തീവ്രവാദികൾ പണം ആവശ്യപ്പെടുകയാണ്.

പ്ലാറ്റോ സ്റ്റേറ്റിലെ ബോക്കോസ് കൗണ്ടിയിൽ, നൂറുകണക്കിന് ഫുലാനി തീവ്രവാദികളും മറ്റ് തീവ്രവാദികളും ക്രിസ്ത്യൻ ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇരുപതോളം ക്രൈസ്തവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒരു പള്ളിക്കെട്ടിടം കത്തിക്കുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. നവംബർ 23- ന് രാത്രി പത്തു മണിക്ക് സെർ ഗ്രാമത്തിനു നേരെയും ആക്രമണമുണ്ടായി. ഒമ്പത് ക്രൈസ്തവർ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുനൂറോളം വരുന്ന അക്രമികൾ 30 വീടുകൾ കത്തിച്ചു. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇതെന്ന് പ്രദേശവാസിയായ ജോൺ അക്കോസ് പറയുന്നു.

നവംബർ 22- ന് നടന്ന മറ്റൊരു ആക്രമണത്തിൽ അക്രമികൾ വുമാത് ഗ്രാമം ആക്രമിക്കുകയും 11 ക്രൈസ്തവരെ കൊലപ്പെടുത്തുകയും ചെയ്തു. ഡസൻ കണക്കിന് വീടുകളാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. ആക്രമണത്തെ തുടർന്ന് പലായനം ചെയ്ത ക്രൈസ്തവർക്കു നേരെയും അക്രമികൾ വെടിയുതിർത്തു. നൈജീരിയയിലെ ബോക്കോസ് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ദേശീയ അസംബ്ലിയിലെ പാർലമെന്റേറിയൻ സോളമൻ മാരൻ പറയുന്നതനുസരിച്ച്, മൈകതക്കോ ഗ്രാമത്തിലും ഡാഡിൻ കോവയിലും 300- ലധികം ഫുലാനി തീവ്രവാദികൾ നവംബർ 16, 17 തീയതികളിൽ ആക്രമണം നടത്തി. 11 ക്രൈസ്തവരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിലെ ഒരു പള്ളിക്കെട്ടിടവും 20- ലധികം വീടുകളും അവർ കത്തിച്ചതായി അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.