ദുഃഖവെള്ളി ദിനത്തിൽ മകളുടെ ഘാതകനോട് ക്ഷമിച്ച് ദമ്പതികൾ

ക്രിസ്തു ലോകത്തിനു വേണ്ടി കുരിശിൽ ബലിയായതിന്റെ ഓർമ്മദിവസമാണ് ദുഃഖവെള്ളി. എന്നാൽ കോനോർ മക്ബ്രൈഡ് എന്ന യുവാവിന് ദുഃഖവെള്ളി ദിനം മറ്റൊരു ഓർമ്മ കൂടിയുണ്ട്. താൻ വെടിയുതിർത്തതിനെ തുടർന്ന് മരണപ്പെട്ട തന്റെ ഭാവിപങ്കാളിയുടെ മാതാപിതാക്കൾ, തന്നോട് ക്ഷമിച്ച ദിവസം കൂടിയാണത്. ക്രിസ്തു കുരിശിൽ കിടന്ന്, അവസാന നിമിഷം പ്രാർത്ഥിച്ചതു തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ചുകൊണ്ടാണ്. ക്രിസ്തുവിന്റെ അതേ മനോഭാവമാണ് ഇവിടെ മകളുടെ ഘാതകനോട് അവളുടെ മാതാപിതാക്കൾ സ്വീകരിച്ചിരിക്കുന്നതും.

2010- ലെ ഓശാന ഞായറാഴ്ചയാണ് 19- കാരിയായ ആൻ ഗ്രോസ്സ്മയ്റിനു നേരെ മക്ബ്രൈഡ് വെടിയുതിർക്കുന്നത്. വരുംവർഷത്തിലെ ദുഃഖവെള്ളിയാഴ്ച ജയിലിൽ കഴിയുന്ന മക്ബ്രൈഡിനെ സന്ദർശിക്കാൻ ആനിന്റെ മാതാപിതാക്കളായ കേറ്റും ആൻഡിയും എത്തി. തങ്ങൾ മക്ബ്രൈഡിനോട് ക്ഷമിക്കുന്നുവെന്നും അവനെ സ്നേഹിക്കുന്നുവെന്നും ആ 19- കാരനെ അവർ അറിയിച്ചു. ആ സന്ദർശനം അവന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ പ്രകാശം നിറച്ചു. പാപത്തിന്റെ ചാലിൽ നിന്ന് അവൻ ക്രമേണ ഉയർത്തു.

2007 -ൽ ഫ്ലോറിഡയിലെ ടാലഹാസിയിലെ ലിയോൺ ഹൈസ്‌കൂളിലെ കെമിസ്ട്രി ക്ലാസിൽ വച്ചാണ് മക്ബ്രൈഡ് ആനിനെ ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിലായ ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. മെസ്സേജുകളിലൂടെയും ഫോൺ കോളിലൂടെയും പല കാര്യങ്ങളിലും അവർ പരസ്പരം തർക്കിച്ചു. ഒരിക്കൽ അപ്രതീക്ഷിതമായുണ്ടായ വാക്കേറ്റത്തിൽ തനിക്ക് മരിച്ചാൽ മതിയെന്ന് ആൻ മക്ബ്രൈഡിനോട് പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിലും സങ്കടത്തിലും അവൻ തന്റെ പിതാവിന്റെ തോക്കുമെടുത്ത് അവളെ ആക്രമിക്കാനായി പുറപ്പെട്ടു. ഭയന്നുവിറച്ച അവൾ, അവന്റെ കാൽക്കൽ വീണ് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എന്നാൽ കുപിതനായ അവൻ അവളുടെ വലതുകണ്ണിനു നേരെ വെടിയുതിർത്തു.

ആക്രമണത്തിനു ശേഷം മക്ബ്രൈഡ് സ്വമേധയാ പൊലീസിനു കീഴടങ്ങി. ആനിനെ ആശുപത്രിയിലും എത്തിച്ചു. മക്ബ്രൈഡിന്റെ പിതാവ് മൈക്കിൾ, സംഭവം നടക്കുമ്പോൾ പനാമ നഗരത്തിലായിരുന്നു. എന്നാൽ വിവരമറിഞ്ഞ ഉടൻ തന്നെ അദ്ദേഹം പനാമയിൽ നിന്ന് ടാലഹാസിയിലെത്തി. പക്ഷേ അദ്ദേഹം ആദ്യം പോയത് ആനിനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കായിരുന്നു.

പ്രാർത്ഥനയിൽ മക്ബ്രൈഡിനോട് ക്ഷമിക്കാൻ ആൻ ആവശ്യപ്പെടുന്നതായി അവളുടെ മാതാപിതാക്കൾക്ക് അനുഭവപ്പെട്ടു. പൂർണ്ണമായി ക്ഷമിച്ചാൽ മാത്രമേ ഹൃദയത്തിന് യഥാർത്ഥ സമാധാനം ലഭിക്കുകയുള്ളൂ. ഫ്ലോറിഡയിലെ ജയിൽ സംവിധാനത്തിലെ ഒരു എപ്പിസ്കോപ്പൽ ചാപ്ലെയിനിൽ നിന്ന് ആൻഡി കേട്ടറിഞ്ഞ ഒന്നാണ് പുനഃസ്ഥാപന നീതി. അതായത്, കുറ്റം ചെയ്‌ത വ്യക്തിയെ ആ തെറ്റിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ആ വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്നതുമാണ് പുനഃസ്ഥാപന നീതി ലക്ഷ്യമിടുന്നത്. ഈ നടപടി സ്വീകരിക്കാനാണ് ഗ്രോസ്മെയർ കുടുംബം പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടത്. ഒരു കുറ്റവാളിക്ക്, താൻ മറ്റുള്ളവർക്കു വരുത്തിയ ദ്രോഹത്തിന് എങ്ങനെ പരിഹാരമുണ്ടാക്കാം എന്നതിന് ഈ സമീപനം കൂടുതൽ ഊന്നൽ നൽകുന്നു.

പുനഃസ്ഥാപന നീതിയുടെ വക്താവായ ബലിഗ, ഒരു കൊലക്കേസിൽ ഈ നടപടി സ്വീകരിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ ബലിഗയെ വിസ്മയിപ്പിച്ച മറ്റൊരു കാര്യമെന്നത് കൊലയാളിയുടെ മാതാപിതാക്കളും കൊല്ലപ്പെട്ടവളുടെ മാതാപിതാക്കളും തമ്മിൽ ശത്രുതയോ, സംഘർഷമോ ഇല്ലെന്നുള്ളതായിരുന്നു.

ഇപ്പോൾ ടാലഹാസി സ്റ്റേറ്റ് അറ്റോർണി ആയിട്ടുള്ള പ്രോസിക്യൂട്ടർ ജാക്ക് കാം‌ബെല്ലും പുനഃസ്ഥാപന നീതി നടപടിക്രമം അംഗീകരിക്കാൻ മടിച്ചെങ്കിലും ഒടുവിൽ സമ്മതം മൂളി. കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞ് ജയിലിൽ ഒരു കൂടിക്കാഴ്ച നടന്നു. ആ യോഗത്തിൽ മക്ബ്രൈഡും അവന്റെ മാതാപിതാക്കളും ആനിന്റെ മാതാപിതാക്കളും അവരുടെ ആത്മീയപിതാവായ ഫാ. മൈക്ക് ഫോളിയും മക്ബ്രൈഡിന്റെ അഭിഭാഷകൻ കാംബെലും പങ്കെടുത്തിരുന്നു. ബലിഗയാണ് ഈ നടപടികൾക്ക് നേതൃത്വം നൽകിയത്.

പ്രസ്തുത കൂടിക്കാഴ്ചയിൽ ആനിന്റെ മാതാപിതാക്കൾ തങ്ങളുടെ മകളുടെ ബാല്യത്തെക്കുറിച്ചും അവളുടെ സ്വപ്നങ്ങളെക്കുറിച്ചും പങ്കുവച്ചു. മകളുടെ വിയോഗത്തിൽ അവർ അനുഭവിച്ച വേദനയെക്കുറിച്ച് വർണ്ണിച്ചു. എല്ലാം നിശ്ശബ്ദനായി ശ്രവിച്ച മക്‌ബ്രൈഡ് ചെയ്‌തത്‌ എന്താണെന്നോ. അവൻ ആ മാതാപിതാക്കളുടെ മുന്നിൽ മുട്ടു കുത്തി ക്ഷമാർപ്പണം നടത്തി. താൻ ചെയ്‌ത തെറ്റിന്റെ ഗൗരവം അവൻ മനസ്സിലാക്കി. തുടർന്ന് മക്‌ബ്രൈഡിന് ലഭിച്ചത് 20 വർഷത്തെ ജയിൽശിക്ഷയായിരുന്നു. ഇന്നും ആ ശിക്ഷ അനുഭവിക്കുകയാണ് മക്‌ബ്രൈഡ്.

മക്‌ബ്രൈഡിന് ഇന്ന് ഒരു പാരാലീഗൽ സർട്ടിഫിക്കേഷനും അസോസിയേറ്റ് ബിരുദവുമുണ്ട്. തടവുകാരുടെ കേസുകളിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസിലെ ലോ ക്ലാർക്കാണ് അദ്ദേഹം. മാത്രമല്ല, ബാച്ചിലേഴ്സിനായി ഒഹായോ യൂണിവേഴ്സിറ്റിയിൽ കറസ്പോണ്ടൻസ് കോഴ്‌സും ചെയ്യുന്നുണ്ട്. മക്‌ബ്രൈഡ് ഇന്ന് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലാണ്. മാനസികാഘാതങ്ങൾ മറിക്കടക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ജയിലിൽ ക്ലാസ്സുകൾ എടുക്കുന്നുണ്ട്.

താൻ ചെറുപ്പം മുതലേ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളല്ലായിരുന്നുവെന്നാണ് മക്‌ബ്രൈഡ് പറയുന്നത്. എന്നാൽ ആനിനെ പ്രണയിച്ചിരുന്ന സമയത്ത് അവളോടൊപ്പം ദേവാലയത്തിൽ പരിശുദ്ധ കുർബാനയിൽ സംബന്ധിച്ചിട്ടുണ്ട്. എന്നാൽ അത് ആനിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. തന്റെ ജീവിതത്തിലെ വഴിത്തിരിവ്‌ എന്നു പറയുന്നത് ആനിന്റെ മാതാപിതാക്കൾ സ്വന്തം മകളുടെ ഘാതകരോട് ക്ഷമിച്ചുവെന്നതാണ്. അത്ര എളുപ്പത്തിൽ ഒരു മാതാപിതാക്കൾക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ല അത്. എന്നാൽ അവരിലൂടെ തന്നിലേക്ക് ഒഴുകിയത് ദൈവസ്നേഹമാണെന്ന് മക്‌ബ്രൈഡിന് ഉറപ്പാണ്.

“ക്ഷമിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, അപ്പുറത്തുള്ള വ്യക്തി ചെയ്തത് ശരിയാണെന്നല്ല; പിന്നെയോ, തെറ്റ് ചെയ്തവനോടുള്ള നമ്മുടെ കടമയാണ് അവന് ക്ഷമ നൽകുക എന്നത്”- ആനിന്റെ മാതാവ് പറഞ്ഞു. ഇവിടെ ആനിന്റെ മാതാപിതാക്കൾ ക്ഷമിക്കാൻ തയ്യാറായപ്പോൾ അവർ നേടിയത് ഒരു ആത്മാവിനെയാണ്. തെറ്റിന്റെ ഗൗരവം തിരിച്ചറിഞ്ഞ മക്‌ബ്രൈഡ് ജയിലിലാണെങ്കിലും ഇന്ന് പുതിയൊരു വ്യക്തിയാണ്; അനേകർക്ക് സഹായമാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.