പതിവ് തെറ്റാതെ ഈ വർഷവും പന്തക്കുസ്താ ദിനത്തിൽ റോസാപ്പൂമഴ

പന്തക്കുസ്താ ദിനത്തിൽ റോമിലെ പാന്തെയോണിൽ ഈ വർഷവും റോസാദളങ്ങൾ വർഷിക്കപ്പെട്ടു. പതിവായി പന്തക്കുസ്താ ദിനത്തിൽ നടത്തപ്പെടുന്ന ഈ മനോഹരമായ ആചാരം പരിശുദ്ധാത്മാവിന്റെ ആഗമനത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. മേയ് 28 ന് കർദിനാൾ സീൻ പാട്രിക് ഒ’മില്ലിയുടെ കാർമികത്വത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 നു നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് ഈ മനോഹരമായ ചടങ്ങ് നടത്തപ്പെട്ടത്.

എല്ലാവർഷത്തെയും പോലെ ആയിരക്കണക്കിനാളുകൾ ഈ ചടങ്ങിൽ പങ്കെടുക്കാൻ റോമിലെ പാന്തെയോണിൽ എത്തിയിരുന്നു. നിത്യനഗരമായ റോമിലെ പ്രതീകാത്മകമായ ആരാധനാലയങ്ങളിലൊന്നാണ് പാന്തെയോൺ. ബിസി 27 ന് അഗ്രിപ്പ നിർമിച്ച ഈ ആലയം പുരാതന റോമിലെ വിജാതീയ ദൈവങ്ങൾക്ക് സമർപ്പിച്ചിരുന്ന പ്രധാന ആരാധനാലയമായിരുന്നു. ബോണിഫേസ് നാലാമൻ മാർപാപ്പ 608-ൽ രക്തസാക്ഷികളുടെ അസ്ഥികൾ കാറ്റകോമ്പുകളിൽ നിന്ന് ഇവിടേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെ ഇത് സാന്താ മരിയ ഡി ലോസ് മാർട്ടയേഴ്സിന്റെ ബസിലിക്കയായി മാറി. ഈ ആലയത്തിന്റെ വസ്തു വിദ്യയും അതിന്റെ മുകൾഭാഗത്തെ വലിയ കേന്ദ്ര ദ്വാരവും ആകർഷണീയമാണ്. മുകൾഭാഗത്തെ ദ്വാരത്തിലൂടെയാണ് പന്തക്കുസ്താ ദിനത്തിൽ ചുവന്ന റോസാദളങ്ങൾ വർഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.