‘ദാവീദിന്റെ പുത്രന് ഓശാന’ പാടി വിശ്വാസ സമൂഹം വിശുദ്ധവാരത്തിലേയ്ക്ക്

ലോകത്തിനു മുഴുവൻ എളിമയുടെ മാതൃക നൽകിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുർബാനയും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കം കുറിക്കുകയാണ്.

സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനതിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഏഴുമണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടക്കും.

കോവിഡ് പകർച്ച വ്യാധി പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും വർഷങ്ങൾക്കു ശേഷം മറ്റു നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ വിശ്വാസികൾക്ക് ദൈവാലയ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കും എന്ന പ്രത്യേകതയുണ്ട് ഈ വർഷത്തെ തിരുക്കർമ്മങ്ങൾക്ക്. അതിനാൽ തന്നെ ദൈവാലയങ്ങൾ കൂടുതൽ വിശ്വാസികൾ എത്തുമെന്നും വിശുദ്ധവാരാചരണം ഓശാനയിലൂടെ അതിന്റെ പൂർണ്ണമായ ഗൗരവത്തിലേയ്ക്ക് അടുക്കുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.