പഹൽഗാം ഭീകരാക്രമണം: തെളിവുകൾ ഐക്യരാഷ്ട്ര സഭയിൽ ഹാജരാക്കാൻ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തെളിവുകൾ തീവ്രവാദ ഗ്രൂപ്പുകളുടെ ആഗോളപട്ടിക തീരുമാനിക്കുന്ന 1267 സാങ്ഷൻസ് കമ്മിറ്റിയുടെ മോണിറ്ററിംഗ് ടീമിനു മുന്നിൽ സമർപ്പിക്കും. ഇതിനായി ഒരു ഇന്ത്യൻ സാങ്കേതികസംഘം ന്യൂയോർക്കിലെത്തിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

1267 കമ്മിറ്റി പ്രകാരം ടി ആർ എഫിനെ നിരോധിക്കുന്നതിനുള്ള ആദ്യപടിയായിരിക്കും മോണിറ്ററിംഗ് ടീമുമായുള്ള കൂടിക്കാഴ്ചയെന്നു പ്രതീക്ഷിക്കുന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിനു പിന്നിൽ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) ആണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

“ഇന്ത്യയുടെ ഒരു സാങ്കേതിക സംഘം ന്യൂയോർക്കിലുണ്ട്. അവർ 1267 ഉപരോധസമിതിയുടെ മോണിറ്ററിംഗ് ടീമുമായും യു എന്നിലെ മറ്റ് പങ്കാളിരാജ്യങ്ങളുമായും സംവദിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ ഓഫീസ് (UNOCT), തീവ്രവാദവിരുദ്ധ സമിതി എക്സിക്യൂട്ടീവ് ഡയറക്ടറേറ്റ് (CTED) എന്നിവയുമായും അവർ കൂടിക്കാഴ്ച നടത്തും” എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.