‘സമാധാനത്തിനായി ഒരു മിനിറ്റ്’: ഇന്ന് ഉക്രൈൻ, വിശുദ്ധനാട്, മ്യാൻമാർ രാജ്യങ്ങൾക്കായി പ്രാർത്ഥന

ഉക്രൈൻ, വിശുദ്ധനാട്, മ്യാൻമാർ എന്നീ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്റർനാഷണൽ ഫോറം ഓഫ് കാത്തലിക് ആക്ഷൻ (FIAC) ഇന്ന് ‘സമാധാനത്തിനായി ഒരു മിനിറ്റ്’ എന്ന സംരംഭം സംഘടിപ്പിക്കുന്നു. ഇന്ന് ഇറ്റാലിയൻ സമയം ഒരു മണിക്കാണ് ഈ പ്രാർത്ഥന സംഘടിപ്പിക്കുന്നത്. ഈ സമാധാന സംരംഭത്തിന്റെ മുദ്രാവാക്യം ‘സമാധാനത്തിന് കൈകോർക്കുക’ എന്നതാണ്.

ഉക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള ജനങ്ങൾ വളരെയേറെ കഷ്ട്ടപ്പെടുന്നു. വിശുദ്ധനാട്ടിലും സംഘർഷങ്ങൾ വർദ്ധിക്കുകയാണ്. ഒരു വർഷമായി മ്യാൻമാറിൽ തുടരുന്ന സംഘർഷങ്ങൾ സമാധാനത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. 2022 ഏപ്രിൽ 17- ന് ‘ഉർബി എത്ത് ഓർബി’ സന്ദേശത്തിലും ഫ്രാൻസിസ് മാർപാപ്പ സമാധാന ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. ‘സമാധാനം സാധ്യമാണ്, സമാധാനം ഒരു കടമയാണ്, സമാധാനം എല്ലാവരുടെയും പ്രധാന ഉത്തരവാദിത്വമാണ്’ എന്ന് സന്ദേശത്തിൽ പാപ്പാ പറഞ്ഞിരുന്നു.

ഫ്രാൻസിസ് മാർപാപ്പ, മുൻ ഇസ്രായേൽ പ്രസിഡന്റ് ഷിമോൺ പെരസ്, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിവ് I എന്നിവർ വത്തിക്കാനിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ എട്ടാം വാർഷികത്തെ അനുസ്മരിപ്പിക്കുന്ന ദിനമാണ് ജൂൺ എട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.