ജപമാല പ്രാർത്ഥനയിൽ കൈകോർക്കാനൊരുങ്ങി ലോകമെമ്പാടുമുള്ള 10 ലക്ഷം കുട്ടികൾ

എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ്‌ വർഷംതോറും സംഘടിപ്പിക്കാറുള്ള ‘ജപമാല ചൊല്ലുന്ന പത്തു ലക്ഷം കുട്ടികൾ’ പ്രചാരണ പരിപാടിയിലെ ഇക്കൊല്ലത്തെ ജപമാല പ്രാർത്ഥന ഒക്ടോബർ 18-ന് നടക്കും. ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള ഇടവകകൾ, നേഴ്സറികൾ, സ്കൂളുകൾ എന്നിവയ്ക്കു പുറമേ കുടുംബങ്ങളെയും സംഘടന ക്ഷണിച്ചിട്ടുണ്ട്. ലോകമെമ്പാടും സമാധാനവും, ഐക്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുക, ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ദൈവത്തിൽ വിശ്വസിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കൂട്ടായ പ്രാർത്ഥനയുടെ ലക്ഷ്യം.

മറിയം വഴി നമുക്കു നേരെ നീട്ടിയിരിക്കുന്ന ദൈവത്തിന്റെ കരങ്ങൾ നാം കാണുകയും ആ കരങ്ങളിൽ മുറുകെ പിടിക്കുകയും വേണം. വിശ്വാസത്തോടെ ഒരുമിച്ച് ജപമാല ചൊല്ലുകയാണെങ്കിൽ പരിശുദ്ധ ദൈവമാതാവ് നമ്മളെ ഒരു വലിയ കുടുംബം എന്നപ്പോലെ നമ്മുടെ സ്നേഹം നിറഞ്ഞ സ്വർഗ്ഗീയപിതാവിന്റെ കരങ്ങളിലേക്ക് നയിക്കും – എ.സി.എൻ പ്രസിഡന്റ് കർദ്ദിനാൾ മൗറോ പിയാസെൻസ പറഞ്ഞു.

ലോകമെമ്പാടുമുള്ള കുട്ടികൾക്കൊപ്പം ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന രണ്ടു കരങ്ങളാണ് ഇക്കൊലത്തെ ജപമാല പ്രചാരണ പരിപാടിയുടെ പോസ്റ്ററിലെ പ്രമേയം. ലോകത്തെ സ്നേഹത്തോടെ സൃഷ്ടിക്കുകയും എല്ലാ ജനങ്ങളെയും രക്ഷിച്ച് തന്നിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്ന സ്വർഗ്ഗീയപിതാവിന്റെ കരങ്ങളുടെ പ്രതീകമാണിതെന്നും എ.സി.എൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.