
2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിനുശേഷം പുനർനിർമിച്ച പാരീസിലെ നോത്ര ഡാം കത്തീഡ്രലിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പണം നടത്തി. അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിക്കിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു വിശുദ്ധ ബലിയർപ്പണം നടന്നത്.
ദിവ്യബലിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫ്രാൻസിൽനിന്നും ലോകമെമ്പാടുനിന്നുമുള്ള 170 ഓളം ബിഷപ്പുമാരും പങ്കെടുത്തു. പാരീസ് അതിരൂപതയിലെ 106 ഇടവകകളിൽനിന്ന് ഓരോ വൈദികനും സന്നിഹിതരായിരുന്നു. ഡിസംബർ ഏഴ് ശനിയാഴ്ച, വൈകുന്നേരം നടന്ന ചടങ്ങിലാണ് കത്തീഡ്രൽ വീണ്ടും തുറന്നത്.
അതീവ സുരക്ഷാസംവിധാനത്തിലായിരുന്നു നോത്ര ഡാം കത്തീഡ്രൽ വീണ്ടും തുറന്നത്. അൻപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുത്ത പരിപാടിയിൽ ശനി, ഞായർ ദിവസങ്ങളിലായി ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെൻഡർ മേരിയിലെ അംഗങ്ങളെയും വിന്യസിച്ചിരുന്നു.