“ദൈവത്തിന് അസാധ്യമായി ഒന്നുമില്ല”: പാപ്പായോട് കസാക്കിസ്ഥാനിലെ കത്തോലിക്കർ

ജനസംഖ്യയുടെ 1 % മാത്രം കത്തോലിക്കരുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാക്കിസ്ഥാനിലെ കത്തീഡ്രൽ ഓഫ് പെർപെച്വൽ ഹെൽപ്പിൽ തങ്ങളുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവച്ചുകൊണ്ട് ഒരു ജനത; കേൾവിക്കാരനായി കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് പപ്പയും. പലർക്കും ഈ സന്ദർഭം വലിയ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനവേളയിൽ മുഴങ്ങിക്കേട്ട സാക്ഷ്യങ്ങളിലെല്ലാം തെളിഞ്ഞുനിന്നത് ഒരേയൊരു കാര്യം മാത്രം – “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.”

ഫാ. റസ്ലാൻ റാഖിംബെർലിനോവ്

പാപ്പയുമായി സഖ്യങ്ങൾ പങ്കുവച്ചവരിൽ ആദ്യത്തെ ആളായിരുന്നു ഇറാഖിൽ നിന്നുള്ള ഫാ. റസ്ലാൻ റാഖിംബെർലിനോവ്. ഞങ്ങളെല്ലാവരും ഈ ദിവസത്തിനായി പ്രാർത്ഥനാപൂർവ്വം തയ്യാറെടുക്കുകയായിരുന്നുവെന്നും ഞങ്ങളുടെ രാജ്യത്തേക്കുള്ള പാപ്പായുടെ ഈ ചരിത്രസന്ദർശനം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. “നമ്മുടെ ഈ പ്രത്യാശ യാഥാർത്ഥ്യമായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്: നാം ക്രിസ്തുവിനോട് വിശ്വസ്തരാണെങ്കിൽ അവൻ നമ്മെ ഇവിടെ കസാക്കിസ്ഥാനിൽ തനിച്ചാക്കുകയില്ല. അവന്റെ കരുതലും സാമീപ്യവും ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയില്ല” – ഫാ. റസ്ലാൻ വെളിപ്പെടുത്തി.

ഞാനൊരു പുരോഹിതനാണ്; ക്രിസ്തുവിന്റെ ദാസനാണ്. ഈ രാജ്യത്ത് ജനിച്ചുവളർന്നതിൽ അഭിമാനിക്കുന്നു എന്നും ഈ ബഹുവംശീയവും ബഹുസാംസ്കാരികവും ബഹുസ്വരവുമായ ഈ രാജ്യത്ത് നമുക്കെല്ലാവർക്കും വേണ്ടി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാവിയുടെ അവിഭാജ്യഘടകമാകാനും ഞാൻ ആഗ്രഹിക്കുന്നു എന്നും ഫാ. റസ്ലാൻ കൂട്ടിച്ചേർത്തു.

സി. ക്ലാര

കമ്മ്യൂണിറ്റി ഓഫ് ദി ബീറ്റിറ്റ്യൂഡ്സ് എന്ന സന്യാസ സമൂഹത്തിലെ അംഗമാണ് സി. ക്ലാര. പാപ്പായുടെ സന്ദർശനത്തിനും സാമീപ്യത്തിനും നന്ദി പറഞ്ഞ സന്യാസിനി, സന്യാസ ജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ച് സംസാരിച്ചു. തന്നെ ഒരു സന്യാസിനിയാക്കിയതിനു നന്ദി പറഞ്ഞ സി. ക്ലാര, സന്യാസം ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ രഹസ്യമാണ് എന്നും ഒരു സന്യാസിനി എന്നാൽ ഓരോ വ്യക്തിക്കും ആത്മീയമായി അമ്മയായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്നും പറഞ്ഞു.

“ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ഓരോ ദിവസവും ഞാൻ അനുഭവിക്കുന്നു. എന്റെ അയൽക്കാരനെ സ്നേഹിക്കാനും സ്വീകരിക്കാനും എല്ലാ ദിവസവും കർത്താവ് എന്നെ പഠിപ്പിക്കുന്നു. ചെറുപ്പത്തിൽ ക്രിസ്തുവിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് പറയാം. ഇന്ന് മറ്റുള്ളവരുടെ മറ്റുള്ളവരുടെ നന്മക്കായി ദൈവം പ്രവർത്തിപ്പിക്കുന്ന ഒരു ഉപകരണമാണ്‌ ഞാൻ” – സി. ക്ലാര പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.