പ്രശ്നങ്ങൾക്കല്ല; ആളുകൾക്ക് പ്രാധാന്യം നൽകുക: ഫ്രാൻസിസ് പാപ്പാ

ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കാൻ കോംഗോയിലെ ജീവകാരുണ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജീവകാരുണ്യ പ്രവർത്തക സംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ചുകൊണ്ടു നൽകിയ സന്ദേശത്തിലാണ് പാപ്പാ, ജീവകാരുണ്യ പ്രവർത്തികളിൽ പ്രശ്നങ്ങൾക്കല്ല; ആളുകൾക്ക് പ്രാധാന്യം നൽകുക എന്ന് ആവശ്യപ്പെട്ടത്.

ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സ്നേഹം നൽകിക്കൊണ്ട് അവരിലെ അഗ്നിയെ മറച്ചിരിക്കുന്ന ചാരം അകറ്റി, അവർക്ക് അന്തസ്സ് തിരികെ നൽകി, മാനവികത വീണ്ടെടുക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമെന്ന പോലെ ഇവിടെയും കുട്ടികളും വൃദ്ധരും ഉപേക്ഷിക്കപ്പെടുന്നുവെന്ന കാര്യം അനുസ്മരിച്ച പാപ്പാ, ഒരു യഥാർത്ഥ വികസനത്തിന് വൃദ്ധരിലൂടെ ലഭ്യമാകുന്ന ചരിത്രവും കുട്ടികൾ കൊണ്ടുവരേണ്ട ഭാവിയും ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. എത്രത്തോളം ചെറുതെങ്കിലും ജീവകാരുണ്യപ്രവർത്തകർ ചെയ്യുന്ന സേവനം അർത്ഥമുള്ളതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഇത് മറ്റുള്ളവരുടെ മുന്നിൽ വലിയവരാകണോ, പേരിനു വേണ്ടിയോ ആകരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തങ്ങളുടെ സാക്ഷ്യങ്ങൾ കൊണ്ട് തന്റെ ഹൃദയത്തെ സ്പർശിച്ചതിന് നന്ദി പറഞ്ഞുകൊണ്ടും തനിക്കു വേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ടും ഏവർക്കും അനുഗ്രഹങ്ങൾ നൽകിയുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.