വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മോചനദ്രവ്യം നൽകില്ലെന്ന് കാമറൂൺ മെത്രാൻസമിതി

കാമറൂണിൽ ദൈവാലയം അഗ്നിക്കിരയാക്കുകയും വൈദികരെയും കന്യാസ്ത്രീയും ഉൾപ്പെടെയുള്ള ഒൻപതു കത്തോലിക്കരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ മോചനദ്രവ്യം നൽകില്ലെന്ന് കാമറൂൺ എപ്പിസ്കോപ്പൽ കോൺഫറൻസ്. അവർ ആവശ്യപ്പെട്ട മോചനദ്രവ്യം നൽകുകയാണെങ്കിൽ അത് അപകടകരമായ ഒരു പ്രവണതക്ക് വഴിതെളിയിക്കുമെന്ന് കാമറൂൺ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റും ബാമെണ്ടാ മെത്രാപ്പോലീത്തയുമായ ആൻഡ്രൂ ഇൻകി ഫുവാന്യ പറഞ്ഞു.

അംബാ ബോയ്സ് എന്നറിയപ്പെടുന്ന ആംഗ്ലോഫോൺ വിഘടനവാദികളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിൽ. തട്ടിക്കൊണ്ടു പോയവർ ആദ്യം 1,00,000 ഡോളർ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ അത് 50,000 ഡോളറായി കുറച്ചു. ഫാ. ഇമ്മാനുവൽ, ഫാ. ബർണബാസ്, ഫാ. കൊർണേലിയസ്, ഫാ. ഏലിയാസ്, ഫാ. ജോബ്-ഫ്രാൻസിസ് എന്നീ അഞ്ച് വൈദികർക്കു പുറമേ സിസ്റ്റർ ജസീന്ത എന്ന കന്യാസ്ത്രീയും കെലെചുക്വു, എൻകെം പാട്രിക്, ബ്ലാഞ്ച് ബ്രൈറ്റ് എന്നീ വിശ്വാസികളുമാണ് തട്ടിക്ണ്ട്കൊണ്ടു പോകലിന് ഇരകളായത്‌.

സംഭവം നടന്ന് അധികം താമസിയാതെ തന്നെ മാംഫെ രൂപതാദ്ധ്യക്ഷൻ മോൺ. അലോഷ്യസ് ഫോണ്ടോങ്ങ് അബാങ്ങാലോ കത്തിനശിച്ച ദൈവാലയം സന്ദർശിച്ചിരുന്നു. കത്തോലിക്കാ സഭ വിഘടനവാദികളുടെ പോരാട്ടത്തെ സഹായിക്കാത്തതിനാൽ സെന്റ്‌ മേരീസ് ദേവാലയം അഗ്നിക്കിരയാക്കുമെന്ന് വിഘടനവാദികൾ ഭീഷണിപ്പെടുത്തിയിരുന്നതായി ആർച്ചുബിഷപ്പ് ഫുവാന്യ പറഞ്ഞു. മുൻപ് ഇത്തരം തട്ടിക്കൊണ്ടു പോകലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെന്നും എന്നാൽ പള്ളി കത്തിക്കുകയും ഒൻപതു പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവം അപൂർവ്വവും  അപ്രതീക്ഷിതവുമായിരുന്നെന്ന് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ഔദ്യോഗിക വക്താവായ ഫാ. ഹംഫ്രി ടാടാ എംബൈ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.