ഒരു ക്രൂരതക്കും നൈജീരിയയിലെ കത്തോലിക്കാ സഭയുടെ വളർച്ച തടയാനാവില്ല: നൈജീരിയൻ വംശജനായ വൈദികന്റെ വെളിപ്പെടുത്തൽ

ഒരു ക്രൂരതക്കും സ്വേച്ഛാധിപത്യത്തിനും നൈജീരിയയിലെ കത്തോലിക്കാ സഭയുടെ വളർച്ച തടയാനാവില്ലെന്ന് നൈജീരിയൻ വംശജനായ ഫാ. ഒസെനി ജൂഡ് ഒസിലാമ ഒഗുനു. വിശ്വാസത്തിന്റെ പേരിൽ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നിരവധിപ്പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടക്കൊല നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, അക്രമാസക്തമായ ഭൂരിപക്ഷ മുസ്ലീം ഗ്രൂപ്പായ ഫുലാനി തീവ്രവാദികളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ കൂട്ടക്കൊലയുടെ വിവരമറിഞ്ഞ് താൻ ഞെട്ടിയെന്നും വിഷമത്തിലാണെന്നും ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡെവലപ്‌മെന്റ് ഓഫ് ആഫ്രിക്കൻ ക്രിസ്ത്യൻ ഹെറിറ്റേജ് പ്രസിഡന്റ് കൂടിയായ ഫാ. ഒസെനി പറയുന്നു.

“നിരപരാധികളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും തട്ടിക്കൊണ്ടു പോവുകയും അവരുടെ പള്ളികളും വീടുകളും സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്യുന്ന ഈ പൈശാചികപ്രവർത്തികൾ നൈജീരിയക്കാർ വളരെക്കാലമായി അനുഭവിക്കുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതവിശ്വാസത്തിന്റെ പേരിൽ ആളുകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ശരിക്കും അവിശ്വസനീയമാണ്. എന്നാൽ നിർഭാഗ്യവശാൽ, നൈജീരിയയിൽ അങ്ങനെ സംഭവിക്കുന്നുണ്ട്. സർക്കാർ രാജ്യത്തെ മുഴുവൻ ആളുകൾക്കും സുരക്ഷ നൽകുന്നതിൽ പരാജയപ്പെടുന്നു. അല്ലെങ്കിൽ ചില ആളുകളെ തിരഞ്ഞെടുത്ത് സംരക്ഷിക്കുകയും മറ്റുള്ളവരുടെ സുരക്ഷ അവഗണിക്കുകയും ചെയ്യുന്നു” – വൈദികൻ വേദനയോടെ വെളിപ്പെടുത്തുന്നു.

എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ, തീവ്രവാദികളുടെയും തട്ടിക്കൊണ്ടു പോകുന്നവരുടെയും സഹായികളാണ്. അതിനാലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാവപ്പെട്ട രാജ്യത്തു നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കു നേരെ അന്താരാഷ്ട്രസമൂഹം നിശബ്ദത പാലിക്കുകയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് പ്രാർത്ഥനയിലൂടെ തങ്ങളെ സഹായിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണസമയത്ത്, ‘ക്രിസ്തു അവരുടെ ഇടയിൽ ഉണ്ടായിരുന്നു.’ ഓരോ വ്യക്തിയുടെയും ഹൃദയവും ജീവിതവും അവൻ അറിയുന്നു.

“മാനുഷികമായി പറഞ്ഞാൽ, എന്തുകൊണ്ടാണ് അവൻ അവരെ ആ സമയത്ത് മരിക്കാൻ അനുവദിച്ചതെന്നും അവർ എങ്ങനെ മരിച്ചുവെന്നും മനസ്സിലാക്കാൻ പ്രയാസമാണ്. അവന്റെ ജ്ഞാനത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. പ്രാർത്ഥനയിൽ, മരിച്ചുപോയ ഞങ്ങളുടെ സഹോദരങ്ങളെ ദൈവത്തിന്റെ കരുണക്കും അനുകമ്പക്കും ഞങ്ങൾ സമർപ്പിക്കുന്നു” – വൈദികൻ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.