നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണം; വ്യോമസേനാ ഹെലികോപ്ടറുകൾ വെടിയുതിർത്തത് ഗ്രാമവാസികൾക്കുനേരെയെന്ന് ആരോപണം

നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിൽ ജൂൺ അഞ്ചിന് ഫുലാനി തീവ്രവാദികളുടെ ആക്രമണം നടന്നിരുന്നു. എന്നാൽ പ്രതിരോധത്തിനെത്തിയ വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് വെടിയുതിർത്തത് സാധാരണക്കാർക്കുനേരെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രാമവാസികൾ.

ജൂൺ അഞ്ചിന് കടുന സംസ്‌ഥാനത്ത്‌ നടന്ന ആക്രമണം മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു. 32 ഗ്രാമവാസികളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഫുലാനി തീവ്രവാദികളാണെന്നാണ് നിഗമനം. ആക്രമണം നടക്കുന്ന പ്രദേശത്തേക്ക് വ്യോമസേനാ ഹെലികോപ്ടർ തീവ്രവാദികളെ നേരിടാനായി എത്തിയിരുന്നു. അവർ വെടിയുതിർത്തത് ഫുലാനികൾക്കുനേരെയാണെന്ന് പറയുന്നുണ്ടെങ്കിലും ഗ്രാമവാസികൾ ആ വാദത്തെ എതിർക്കുകയാണ്. 200- ലധികം ആക്രമികളെ നേരിടാൻ ശ്രമിച്ച ആയുധധാരികളായ പ്രദേശവാസികൾക്ക് നേരെയാണ് ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ജൂൺ അഞ്ചിന് ദൈവാലയത്തിലെ പ്രാർത്ഥന ശുശ്രൂഷകൾ കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. സഹായിക്കാൻ പൊലീസോ സൈന്യമോ ഇല്ലാതിരുന്നതുകൊണ്ട് പ്രദേശവാസികൾ തന്നെ ആയുധങ്ങളുമായി പോരാട്ടത്തിനിറങ്ങി. അവർ മരങ്ങൾക്കുപിന്നിലും കുറ്റിച്ചെടികൾക്കിടയിലും ഒളിച്ചുനിന്നു. 70 മോട്ടോർബൈക്കുകളിലായാണ് ഫുലാനി തീവ്രവാദികൾ എത്തിയത്. മൂന്ന് പേർ വീതമായിരുന്നു ഓരോ മോട്ടോർബൈക്കിലും. ആദ്യം ആക്രമികൾ പ്രവേശിച്ചത് ഡോഗൺ നോമ ഗ്രാമത്തിലാണ്. അവിടെ അവർ വീടുകൾ അഗ്നിക്കിരയാക്കുകയും ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കുകയും ചെയ്‌തു. തുടർന്ന് അക്രമികൾ മൈകോരി ഗ്രാമത്തിലേക്കാണ് പ്രവേശിച്ചത്. എന്നാൽ അവിടെ പ്രദേശവാസികൾ ആയുധങ്ങളുമായി അവരെ നേരിട്ടു. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയായപ്പോഴാണ് ഗ്രാമത്തിനു മുകളിൽ കൂടി ഹെലികോപ്റ്റർ പറക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഹെലികോപ്ടറിലുള്ളവർ വെടിയുതിർത്തത് പ്രദേശവാസികൾകുനേരെയാണെന്നുള്ള വാദം സർക്കാർ എതിർത്തു. എങ്കിലും ഗ്രാമവാസികൾ അവരുടെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. തർക്കം പരിഹരിക്കാൻ സംസ്‌ഥാന പോലീസ് സേനയുടെ ഏഴ് തലവന്മാർ ഗ്രാമതലവന്മാരുമായി ജൂൺ 20- ന് ചർച്ച നടത്തിയിരുന്നു. വ്യോമ സേനയുടെ ഹെലികോപ്റ്റർ ഒരിക്കലും സാധാരണക്കാരെ ആക്രമിച്ചിട്ടില്ല എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് സേനാ തലവന്മാർ.

“രണ്ട് വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുകയാണെന്ന് മനസിലാക്കിയ ഗ്രാമത്തിലെ പ്രതിരോധ സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഗ്രാമത്തിൽ പ്രവേശിക്കാനും നശിപ്പിക്കാനും നടത്താനും ഫുലാനി തീവ്രവാദികൾക്ക് കഴിഞ്ഞു. അവർ ഗ്രാമം അഗ്നിക്കിരയാക്കുകയും രണ്ട് പേരെ കൊല്ലുകയും ചെയ്‌തു”- പ്രദേശവാസി പറഞ്ഞു.

നൈജീരിയൻ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നൈജീരിയൻ പാർലമെന്റ് അംഗം യാക്കൂബു ഉമർ ബർദെ ആവശ്യപ്പെട്ടു. കൂടാതെ, തീവ്രവാദികളും സൈനിക വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഫോറൻസിക് അന്വേഷണത്തിന് യു കെയിലെ ഹൗസ് ഓഫ് ലോർഡ്സിലെ അംഗമായ ബറോണസ് കരോലിൻ കോക്‌സും വിരമിച്ച യുഎസ് ഫോറിൻ സർവീസ് ഓഫീസറായ ഗ്രിഗറി സ്റ്റാന്റനും ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.