
നൈജീരിയയിലെ അബുജയിലുള്ള സെന്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇന്റർവെൻഷന്റെ (CWSI) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി യുട്ടിയെ 2024 ലെ ഓപസ് പ്രൈസ് ജേതാവായി തിരഞ്ഞെടുത്തു. സമൂഹത്തിൽ പരിവർത്തനമുണ്ടാക്കുകയും മനുഷ്യരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളെയാണ് ഓപസ് അവാർഡിന് പരിഗണിക്കുക. 1 .2 മില്യൺ ഡോളറാണ് അവാർഡ് തുക.
നവംബർ 14 ന് സിലിക്കൺ വാലിയിലെ ജെസ്യൂട്ട് സർവകലാശാലയായ സാന്താ ക്ലാര സർവകലാശാലയിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ, തന്റെ സന്തോഷം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവില്ലെന്ന് കോൺഗ്രിഗേഷൻ ഓഫ് ഹാൻഡ്‌മെയ്‌ഡ്‌സ് ഓഫ് ഹോളി ചൈൽഡ് ജീസസ് (HHCJ) സഭാഅംഗമായ സിസ്റ്റർ ഫ്രാന്സെസ്ക പറഞ്ഞു.
“ഞാനും എന്റെ ടീമും ഈ വിദൂര കമ്മ്യൂണിറ്റികളിൽ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ നമ്മുടെ സംസ്ഥാനത്തിനകത്തു മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്ത് അറ്റ്ലാന്റിക് കടന്ന് അമേരിക്കവരെ എത്തുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഷ്ടപ്പാടുകളും ആഘാതങ്ങളും ലഘൂകരിക്കാൻ ഞാനും എന്റെ ടീമും ചെയ്യുന്ന പ്രവർത്തനത്തിൽ നിങ്ങൾ വിശ്വസിക്കുന്നതിനിന് നന്ദി. 2024 ലെ ഓപസ് പ്രൈസ് ജേതാവായി CWSI തിരഞ്ഞെടുത്തതിലൂടെ, നിങ്ങൾ ഞങ്ങളുടെമേൽ ഒരു പ്രധാന ഉത്തരവാദിത്വം വച്ചിരിക്കുന്നു. ആർക്ക് കൂടുതൽ നൽകപ്പെടുന്നുവോ, അവരിൽനിന്ന് വളരെയധികം പ്രതീക്ഷിക്കുന്നു” – സിസ്റ്റർ പറഞ്ഞു.
“CWSI നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ല. അവരുടെ ജീവിതത്തിലും കമ്മ്യൂണിറ്റിയിലും നല്ല മാറ്റം കൊണ്ടുവരാൻ ഞങ്ങളുമായി സഹകരിച്ച എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുരുഷന്മാർക്കുംവേണ്ടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു, പ്രത്യേകിച്ച് കഷ്ടപ്പാടുകൾ സഹിക്കുകയും ഇപ്പോൾ അവരുടെ ജീവിതം പുനർനിർമിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഞാൻ ഓർക്കുന്നു. ഈ അംഗീകാരം എനിക്കോ, CWSIക്കോ മാത്രമല്ല. ഇത് നമ്മുടെ ദൗത്യത്തിന് പ്രചോദനവും ധൈര്യവും നൽകുന്ന ഓരോ സ്ത്രീക്കും പെൺകുട്ടിക്കും വേണ്ടിയാണ്. നിങ്ങളുടെ ഔദാര്യത്തിനും പിന്തുണയ്ക്കും ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ” – സി. ഫ്രാൻസിസ്ക കൂട്ടിച്ചേർത്തു.
അബുജ ആസ്ഥാനമായുള്ള സ്ഥാപനം സർക്കാർ റോളുകളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനും അഞ്ച് നൈജീരിയൻ സംസ്ഥാനങ്ങളിലെ ലിംഗാധിഷ്ഠിത അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾക്കുംവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.