ക്രൈസ്തവ പീഡനത്തിനെതിരെ സർക്കാരിനെ വിമർശിച്ചു; നൈജീരിയൻ ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

നൈജീരിയയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നതിനെ വിമർശിച്ചതിന് സോകോട്ടോ രൂപത ബിഷപ്പ് മാത്യു കുക്കയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി റിപ്പോർട്ടുകൾ. ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകലിനും മറ്റ് പീഡനങ്ങൾക്കും ഇരയാക്കുന്നതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിനെയാണ് നൈജീരിയൻ ബിഷപ്പ് വിമർശിച്ചത്. അതിനെ തുടർന്നാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ സംസ്ഥാന സുരക്ഷാ ഏജൻസി ഉത്തരവിട്ടത്.

നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള സോകോട്ടോ രൂപതയെ നയിക്കുന്ന ബിഷപ്പ് മാത്യു കുക്ക തന്റെ ക്രിസ്മസ് സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു: “പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ, നൈജീരിയക്കാരുടെ വിധി ‘ദുഷ്ടന്മാരുടെ’ കൈകളിൽ ഏൽപ്പിച്ചതായി തോന്നുന്നു. ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ നൂറിലധികം പെൺകുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.” ഈ സംഭവത്തെ ബിഷപ്പ് കുക്ക അപലപിച്ചു.

“വളരെ ക്രൂരമായ നടപടികളാണ് വടക്കൻ സംസ്ഥാനങ്ങളിലുടനീളം നിരപരാധികളായ പൗരന്മാരുടെ മേൽ നടക്കുന്നത്. അവരുടെ ഉറക്കത്തിൽ, അവരുടെ കൃഷിയിടങ്ങളിൽ, മാർക്കറ്റിൽ, വഴിയിൽ പോലും നിരപരാധികളായ പൗരന്മാർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു” – ബിഷപ്പ് വ്യക്തമാക്കി.

സർക്കാരിനെതിരെ ബിഷപ്പ് കുക്ക പരസ്യമായി സംസാരിക്കുന്നത് ഇത് ആദ്യമല്ലെങ്കിലും, ഫെഡറൽ രഹസ്യ പോലീസായ എസ്എസ്എസ്, അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

നൈജീരിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 60,000 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയയിൽ 2021 -ലെ ആദ്യ 200 ദിവസങ്ങളിൽ 3,462 ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്നു. ദിവസം 17 പേർ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.