നൈജീരിയയിൽ കൊല്ലപ്പെട്ട വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ കണ്ണീർ പൊഴിച്ച് ആർച്ചുബിഷപ്പ്

നൈജീരിയയിൽ കൊല്ലപ്പെട്ട വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ കണ്ണീർ പൊഴിച്ച് ആർച്ചുബിഷപ്പ് മാത്യു മാൻ-ഓസോ എൻഡാഗോസോ. ജൂൺ 25-ന് കടുന – കാച്ചിയ റോഡിൽ കൊല്ലപ്പെട്ട ഫാ. വിറ്റസ് ബോറോഗോയുടെ സംസ്കാരം ജൂൺ 30-നാണ് നടന്നത്.

“വൈദികന്റെ കബറിടത്തിങ്കൽ ബിഷപ്പ് കരഞ്ഞുകൊണ്ടു നിൽക്കുന്ന രംഗം കണ്ടുനിന്നിരുന്നവരെ ആഴത്തിൽ സ്പർശിച്ചു. ഇത്തരമൊരു രംഗത്തിന് ഇന്നേവരെ ആരും സാക്ഷികളായിട്ടില്ല” – കടുനയിലെ ഫാ. ഡാനിയൽ ക്യോം പറഞ്ഞു. മൃതസംസ്കാര ചടങ്ങിൽ നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമത്തിൽ നൂറുകണക്കിന് കത്തോലിക്കരാണ് പ്രതിഷേധിച്ചത്. കടുനയിലെ മറ്റനേകം വൈദികരും ഇതിൽ പങ്കാളികളായി. നൂറോളം വൈദികരുൾപ്പെടെ 700-ലധികം പേർ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. നൈജീരിയയിൽ ക്രൈസ്തവർ സുരക്ഷിതരല്ല. എല്ലാവരും ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നതെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു.

ജൂൺ 25-ന് ഫാ. വിറ്റസ്, പ്രിസൺ ഫാം റീജിയണിലുള്ള തന്റെ കുടുംബത്തെ സന്ദർശിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഭവനത്തിൽ ആയിരുന്നപ്പോഴാണ് ആയുധധാരികൾ അതിക്രമിച്ചു കയറി അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. വൈദികനൊപ്പമുണ്ടായിരുന്ന ഇളയ സഹോദരനെയും മറ്റൊരു വ്യക്തിയെയും അവർ തട്ടിക്കൊണ്ടു പോവുകയും ചെയ്‌തു. ഫാ. വിറ്റസിന് 50 വയസായിരുന്നു. കടുന അതിരൂപതയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം.

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. 2021-ൽ 4,650 പേരും 2022-ന്റെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രമായി 900 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നൈജീരിയയിൽ രണ്ട് ക്രൈസ്തവ ദൈവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. 2021-ൽ കടുന സംസ്ഥാനത്ത് ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെ മാത്രം നടന്നത് ആറ് ആക്രമണങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.