നൈജീരിയയിലെ ദേവാലയ ആക്രമണം: പ്രതികരിച്ച് നൈജീരിയൻ ബിഷപ്പ്

പന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ ദേവാലയത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് നൈജീരിയൻ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ. വിശുദ്ധ കുർബാനക്കിടയിൽ നടന്ന ആക്രമണത്തിൽ നിരവധി പേരാണ് നിഷ്ക്കരുണം കൊല്ലപ്പെട്ടത്.

“ക്രൈസ്തവരെ ഭയപ്പെടുത്തുകയും കഴിയുന്നത്ര ആളുകളെ കൊല്ലുകയും ചെയ്യുകയായിരുന്നു തീവ്രവാദികളുടെ പ്രധാന ലക്ഷ്യം. ഓൻഡോ സംസ്ഥാനത്തിന്റെ ഗവർണറായ റൊട്ടിമി അകെരെഡോലു തീവ്രവാദികളെ ഓൻഡോ വനങ്ങളിൽ നിന്ന് പുറത്താക്കാൻ നടത്തിയ ശ്രമങ്ങളും അതുപോലെ കലാപങ്ങളെ ചെറുത്തുനിൽക്കാനുള്ള ദൃഢനിശ്ചയവും ഇവരെ അസ്വസ്ഥതപ്പെടുത്തിയതിന് ഒരു കാരണമാവാം. നിരപരാധികളെ കൊന്ന ഈ അക്രമികൾ വിവേകശൂന്യരാണ്” – ബിഷപ്പ് കൂട്ടിച്ചേർത്തു.

വിശുദ്ധ കുർബാനയുടെ സമാപനവേളയിലാണ് ആക്രമണം നടന്നത്. ചില വിശ്വാസികൾ ദേവാലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പെട്ടെന്നാണ് പുറത്തു നിന്നിരുന്ന ആയുധധാരികൾ അവർക്കു നേരെ വെടിയുതിർത്തത്. അക്രമികൾ ദേവാലയത്തിന് അകത്തും പുറത്തും സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുലാനി തീവ്രവാദികളാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.