റവ. ഡോ. അഗസ്റ്റിന്‍ പായിക്കാട്ട് എം.സി.ബി.എസ്. സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറല്‍

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി ഡോ. അഗസ്റ്റിന്‍ പായിക്കാട്ട് നിയമിതനായി. ഡോ. ജോസഫ് കോണിക്കല്‍ (വിക്കര്‍ ജനറല്‍, പ്രേഷിതപ്രവര്‍ത്തനം), ഡോ. സ്‌കറിയ കുന്നേല്‍ (ദിവ്യകാരുണ്യ പ്രേഷിതത്വം), ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ (സാമൂഹ്യപ്രവര്‍ത്തനം), ഫാ. തോമസ് പോള്‍ ഇളയിടത്തുമഠത്തില്‍ (ധനകാര്യം, വികസനപ്രവര്‍ത്തനങ്ങള്‍) എന്നിവര്‍ കൗണ്‍സിലര്‍മാരായും നിയമിക്കപ്പെട്ടു. ആലുവ ചുണങ്ങുംവേലിയിലുള്ള ജനറലേറ്റില്‍, പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്.

ബാംഗ്ലൂരിലെ ജീവാലയാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി പഠനകേന്ദ്രത്തിലെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഫാ. അഗസ്റ്റിന്‍ പായിക്കാട്ട്. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദവും, ബ്രിട്ടനിലെ വെയില്‍സ് യൂണിവേഴ്സ്റ്റിയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. എം.സി.ബി.എസ്. സിയോണ്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായും ജീവാലയയിലെ റക്ടറായും അദ്ദേഹം മുന്‍പ് ശുശ്രൂഷ ചെയ്തിട്ടുണ്ട്.

റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നിവരാല്‍ 1933-ല്‍ മല്ലപ്പള്ളിയില്‍ സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രവര്‍ത്തനനിരതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.