
മൊസൂളിൽ ഭീകരർ തകർത്ത ഓർത്തഡോക്സ് ദൈവാലയം പുനർനിർമ്മിക്കുന്നതിനിടയിൽ നിരവധി വിശുദ്ധരുടെ തിരുശേഷിപ്പുകൾ പുതിയതായി കണ്ടെത്തി. അതോടൊപ്പം സിറിയക്, അറമായ ഭാഷകളിലുള്ള കൈയ്യെഴുത്തുപ്രതികളും അറമായ ലിഖിതങ്ങൾ കൊണ്ട് നിർമ്മിച്ച ആറ് ശിലാപാത്രങ്ങളും കണ്ടെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിൽ ആക്രമണം നടത്തിയപ്പോൾ, ക്രൈസ്തവരുടെ ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളാണ് നശിപ്പിച്ചത്. അതിലൊന്നാണ് മൊസൂളിലെ സിറിയക് ഓർത്തഡോക്സ് മാർ തോമസ് ദൈവാലയം.
ദൈവാലയത്തിൽ കണ്ടെത്തിയ തിരുശേഷിപ്പുകളിൽ വി. തിയോഡോർ, വി. സൈമൺ, മോർ ഗബ്രിയേൽ, വി. ശിമയോൻ എന്നിവരുടെയും മറ്റ് അറിയപ്പെടുന്ന വ്യക്തികളുടെയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ സിറിയൻ ഓർത്തഡോക്സ് മാർ തോമസ് ദൈവാലയം ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. മൊസൂളിൽ തോമ്മാശ്ലീഹാ താമസിച്ചിരുന്ന സ്ഥലത്താണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. 18-ാം നൂറ്റാണ്ടിൽ നടന്ന സംഘർഷത്തിൽ പേർഷ്യക്കാരും ഓട്ടോമൻ സാമ്രാജ്യവും ഈ ദൈവാലയത്തിന് കേടുപാടുകൾ വരുത്തിയിരുന്നു. വലിയ തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചതിനാൽ ദൈവാലയം പുനർനിർമ്മിക്കേണ്ടതായി വന്നു. പിന്നീട് നാലു വർഷങ്ങൾക്കു മുൻപ് മൊസൂൾ യുദ്ധത്തിൽ ഐഎസ് ഭീകരർ വീണ്ടും ഇതിനു നാശനഷ്ടങ്ങൾ വരുത്തി. അതിനു ശേഷം ദൈവാലയം വീണ്ടും പുനർനിർമ്മിക്കാൻ ആരംഭിച്ചത് 2021-ലാണ്.
ഇറാഖിലെ ക്രിസ്ത്യൻ സാംസ്കാരിക പൈതൃകം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഫലമാണ് കണ്ടെത്തിയ ഈ പുതിയ തിരുശേഷിപ്പുകൾ.