കമ്മ്യൂണിസത്തിനെതിരെ പോരാട്ടം നടത്തിയ പോളിഷ് കർദ്ദിനാളിനെക്കുറിച്ചുള്ള പുതിയ സിനിമ പ്രദർശനത്തിനെത്തുന്നു

കത്തോലിക്കാ സഭയെ തകർക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് അധികാരികൾക്കെതിരെ നിലകൊണ്ട പോളിഷ് കർദ്ദിനാളിനെക്കുറിച്ചുള്ള പുതിയ സിനിമ നവംബറിൽ പ്രദർശനത്തിനെത്തുന്നു. ‘പ്രൊഫെറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. പോളിഷ് ജനതയെ അവരുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ച വാഴ്ത്തപ്പെട്ട സ്റ്റെഫാൻ വൈസിൻസ്കിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

1901 ആഗസ്റ്റ് മൂന്നിന് ജനിച്ച് 1981 മെയ് 28-ന് അന്തരിച്ച കർദ്ദിനാൾ, ആദ്യകാലങ്ങളിൽ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിനെതിരെ ധീരമായി സംസാരിക്കുകയും കത്തോലിക്കാ സഭക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള അവരുടെ ആക്രമണങ്ങൾക്കെതിരെ ധീരമായി നിലകൊള്ളുകയും ചെയ്തു. ഗ്നീസ്‌നോയുടെയും വാർസോയുടെയും ആർച്ചുബിഷപ്പ് എന്ന നിലയിൽ, അന്നത്തെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് പോളണ്ടിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ തടവിലാക്കി.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ മൈക്കൽ കോണ്ട്രാറ്റ് ആണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ പോളിഷ് ഭാഷയിലുള്ള 126 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നവംബറിൽ പോളണ്ടിലും യുണൈറ്റഡ് കിംഗ്ഡത്തിലും റിലീസ് ചെയ്യും. അടുത്ത വർഷം സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.

വൈസിൻസ്‌കിയുടെ കഥയും ഒടുവിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയായി മാറുന്ന കരോൾ വോയ്റ്റിലയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ലോകം അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ കോണ്ട്രാറ്റ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.