മാർ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ബിഷപ്പ്

അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ ദ്വിതീയ മെത്രാനായി മാർ ജോയി ആലപ്പാട്ട് സ്ഥാനാരോഹിതനായി. അമേരിക്കന്‍ സമയം ഒക്ടോബർ ഒന്നിന് രാവിലെ ഒന്‍പതു മണി (ഇന്ത്യന്‍ സമയം രാത്രി 7:30) മാർ തോമാശ്ലീഹാ കത്തീഡ്രലിൽ നടന്ന ചടങ്ങിന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. തിരുകർമ്മങ്ങളില്‍ അമേരിക്കയുടെ അപ്പോസ്തോലിക് ന്യൂണ്‍ഷോ ഡോ. ക്രിസ്റ്റൊഫേ പിയറി, രൂപതയുടെ പ്രഥമ മെത്രാൻസ്ഥാനം ഒഴിഞ്ഞ മാർ ജേക്കബ് അങ്ങാടിയത്ത്, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ എന്നിവർ ഉള്‍പ്പെടെ നിരവധി മെത്രാന്മാര്‍ സഹകാർമ്മികരായിരുന്നു.

കത്തീഡ്രൽ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ക്രിസ്റ്റൊഫേ പിയറി, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ നിയമന ഉത്തരവ് വായിച്ചു. തദവസരത്തിൽ നിയമന ഉത്തരവ് രൂപതയുടെ ചാൻസലർ ഡോ. ജോർജ് ദാനവേലില്‍ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. കൽദായ മെത്രാൻ ഫ്രാൻസിസ് കലാബട്ട് സുവിശേഷപ്രഘോഷണം നടത്തി. നേരിട്ടും തത്സമയ സംപ്രേക്ഷണത്തിലൂടെയും ആയിരങ്ങളാണ് തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായത്.

രൂപതയുടെ സഹായമെത്രാന്‍ എന്ന നിലയില്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടു വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ് ബിഷപ്പ് ജോയി ആലപ്പാട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.