നാൻസി പെലോസിയുടെ വിശുദ്ധ കുർബാനസ്വീകരണത്തിന്റെ വിലക്ക് വ്യാപിപ്പിച്ച് രൂപതകൾ

യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയ്ക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള വിലക്ക് വ്യാപിപ്പിച്ച് ആർലിംഗ്ടൺ രൂപത. മെയ് 25- ന് ബിഷപ്പ് മൈക്കൽ എഫ്. ബർബിഡ്ജാണ് ഈ വിലക്ക് പരിധി വ്യാപിപ്പിച്ചത്.

നാൻസിയുടെ സ്വന്തം രൂപതയായ സാൻ ഫ്രാൻസിസ്കോ അതിരൂപതയാണ് ആദ്യം പെലോസിയ്ക്ക് ഈ വിലക്ക് ഏർപ്പെടുത്തിയത്. ഇതേ വിലക്ക് തുടരുമെന്ന് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യുഎസ് ബിഷപ്പാണ് ബർബിഡ്ജ്. പെലോസി ഇടയ്ക്കിടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന സാന്താ റോസ രൂപതയിലും താൻ വിലക്ക് ഏർപ്പെടുത്തുമെന്ന് ബിഷപ്പ് റോബർട്ട് വാസ മെയ് 20- ന് അറിയിച്ചിരുന്നു. സാൻ ഫ്രാൻസിസ്‌കോ രൂപതയിലെ ബിഷപ്പ് കോർഡിലിയോണിന്റെ നടപടിയെ പിന്തുണച്ച് പന്ത്രണ്ടോളം യുഎസ് ബിഷപ്പുമാർ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഈ നടപടി തികച്ചും അജപാലനപരമാണെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും ബിഷപ്പ് കോർഡിലിയോൻ പ്രസ്താവിച്ചിരുന്നു.

ഒരു കത്തോലിക്കയായ നാൻസി പെലോസി അബോർഷനെ പിന്തുണയ്ക്കുന്നതാണ് ഈ നടപടിയ്ക്ക് കാരണമായത്. കത്തോലിക്കാ സഭ അബോർഷനെ കൊലപാതകതുല്യമായ പാപമായാണ് കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.