അക്രമങ്ങളിൽനിന്ന് രക്ഷനേടാൻ മ്യാൻമറിൽ വീടുവിട്ടിറങ്ങിയത് ലക്ഷക്കണക്കിന് കുട്ടികൾ

മ്യാൻമറിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ മൂലം അഞ്ചുലക്ഷത്തോളം കുട്ടികൾക്ക് സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങേണ്ടി വരുന്നുണ്ടെന്ന് സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സംഘടനയാണിത്.

ആഗോളതലത്തിൽ ഏറ്റവും കുറവ് സാമ്പത്തിക സഹായമാണ് മ്യാൻമറിലെ മാനുഷികപ്രതിസന്ധികൾ തരണം ചെയ്യാനായി ലഭ്യമായുള്ളതെന്നും, ഇതിലേക്കായി കൂടുതൽ സഹായസഹകരണങ്ങൾ അന്താരാഷ്ട്രസമൂഹം ലഭ്യമാക്കണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. മറ്റു സംഘടനകളോട് ചേർന്ന്, കുട്ടികളുടെ ആരോഗ്യപരിരക്ഷ, ഭാഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ സേവനമേകുന്ന സേവ് ദി ചിൽഡ്രൻ 1995 മുതൽ മ്യാൻമറിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

മ്യാന്മറിൽ ഈ വർഷം കുടിയിറക്കപെട്ടവരുടെ എണ്ണം വലിയ തോതിൽ വർദ്ദിച്ചുവെന്നും, അക്രമങ്ങളിൽനിന്നും രക്ഷനേടുവാനായി വീടുവിട്ടിറങ്ങേണ്ടിവരുന്ന കുട്ടികളുടെ എണ്ണം അഞ്ചുലക്ഷം കഴിഞ്ഞുവെന്നും, ആഗോളതലത്തിൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചുവരുന്ന സേവ് ദി ചിൽഡ്രൻ പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ മൂലം ഏതാണ്ട് പതിനാലു ലക്ഷത്തോളം ആളുകളാണ് കുടിയിറക്കപ്പെട്ടത്. ഇവരിൽ അഞ്ചുലക്ഷത്തി ഇരുപതിനായിരത്തോളം പേർ കുട്ടികളാണ്. കടുത്ത അക്രമണങ്ങളെത്തുടർന്ന്, 2021 ഫെബ്രുവരിയിലാണ് ഇവരിൽ ഭൂരിഭാഗവും സ്വഭവനങ്ങൾ ഉപേക്ഷിച്ചത്. ബംഗ്ളദേശിന്‌ സമീപമുള്ള ക്യാമ്പുകളിൽ കഴിയുന്ന അഞ്ചുലക്ഷത്തോളം റോഹിംഗ്യൻ കുട്ടികൾക്ക് പുറമെയാണ് നിലവിൽ വീണ്ടും ലക്ഷക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ടിവരുന്നത്.

മ്യാൻമാറിൽ തുടരുന്ന ആക്രമണങ്ങൾ ഉളവാക്കുന്ന ഭീതിയിലാണ് ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പോകാനുള്ള തീരുമാനമെടുക്കേണ്ടി വരുന്നതെന്ന് സേവ് ദി ചിൽഡ്രൻ സംഘടനയുടെ ഏഷ്യൻ പ്രദേശങ്ങളിലേക്കുള്ള പദ്ധതികളുടെ ഡയറക്ടർ ഒലിവർ ഫ്രാൻകി പ്രസ്‌താവിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന ആസിയൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ, മ്യാൻമറിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ പരിശ്രമങ്ങൾ നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.