കത്തോലിക്കാ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്തിപ്പെടുത്തി മ്യാന്മർ സൈന്യം

2021 ഫെബ്രുവരിയിൽ ഉണ്ടായ അട്ടിമറിക്കു ശേഷം അധികാരത്തിലെത്തിയ മ്യാന്മർ സൈന്യം രാജ്യത്തുടനീളമുള്ള പള്ളികളെയും കത്തോലിക്കാ ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ശക്തിപ്പെടുത്തുന്നു. മധ്യ മ്യാന്മറിലെ ചാൻ താർ എന്ന ചരിത്രപരമായ കത്തോലിക്കാ ഗ്രാമത്തിനു നേരെ സൈന്യം തുടർച്ചയായി ആക്രമണം നടത്തുകയാണ്. മെയ് ഏഴിന് സാഗിംഗ് മേഖലയിലെ ഗ്രാമത്തിൽ സൈനിക റെയ്ഡിനിടെ ഇരുപത് വീടുകൾ കത്തിച്ചു.

ആക്രമണത്തെ തുടർന്ന് ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് അടുത്തുള്ള സുരക്ഷിതസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. സമീപപ്രദേശങ്ങളിൽ സൈന്യവും ജനകീയ പ്രതിരോധസേനയും (പിഡിഎഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിലാണ് കത്തോലിക്കാ ഗ്രാമത്തിനു നേരെ ആക്രമണമുണ്ടായത്.

ഗ്രാമത്തിൽ മൂന്നു തവണയെങ്കിലും ഇതിനോടകം സൈന്യം റെയ്ഡ് നടത്തിയിട്ടുണ്ട്. ജനുവരി 10-നു നടന്ന റെയ്ഡിൽ മാനസികവൈകല്യമുള്ള ഒരാൾ ഉൾപ്പെടെ രണ്ടു പേർ വെടിയേറ്റു മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ജനുവരി മുതൽ ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ദശാബ്ദങ്ങളായി സമാധാനപരമായി സഹവസിച്ചിരുന്ന ഗ്രാമത്തിൽ നിന്ന് ആയിരക്കണക്കിന് കത്തോലിക്കർക്ക് സുരക്ഷിതപ്രദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.