ഡെന്മാർക്കിന് 2021 -ലെ മദർ തെരേസ സാമൂഹ്യനീതി പുരസ്കാരം

വി. മദർ തെരേസയുടെ നാമത്തിലുള്ള 2021 -ലെ സാമൂഹ്യനീതി പുരസ്കാരം ഡെന്മാർക്കും ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീമതി മേത്തെ ഫ്രെഡെറിക്സെനും (Mette Frederiksen) പങ്കുവച്ചു. മഹാരാഷ്ട്രയിലെ ന്യൂനപക്ഷ സമിതിയുടെയും അഖിലേന്ത്യ ക്രൈസ്തവ സമിതിയുടെയും മുന്‍ അദ്ധ്യക്ഷനായ ഡോക്ടർ അബ്രഹാം മത്തായി സാമൂഹ്യമൈത്രി ലക്ഷ്യം വച്ച് 2005 ഒക്ടോബറിൽ സ്ഥാപിച്ച ‘ഹാർമണി ഫൗണ്ടേഷൻ’ ആണ് 2007 മുതൽ ഈ വാർഷിക പുരസ്കാരം നല്കുന്നത്.

പ്രകൃതിസൗഹൃദമായി ജീവിക്കുന്ന ഒരു രാജ്യം എന്ന നിലയിലാണ് ഡെന്മാർക്കിന് ഈ പുരസ്കാരം നല്കിയിരിക്കുന്നത്. സുസ്ഥിര വികസന സരണിയിൽ അന്നാടിനെ നയിക്കുന്നതിൽ കാഴ്ചവയ്ക്കുന്ന അസാധാരണ നേതൃത്വപാടവമാണ് പ്രധാനമന്ത്രി മേത്തെ ഫ്രെഡെറിക്സെനെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ഹരിതോർജ്ജം, പരിസ്ഥിതി പരിപാലന പരിപാടികൾ എന്നി പരിപോഷിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീമതി ഫ്രെഡെറിക്സെൻ സ്തുത്യർഹ സംഭാവനകള്‍ ഏകിയിട്ടുണ്ടെന്ന് ‘ഹാർമണി ഫൗണ്ടേഷൻ’ സ്ഥാപകൻ ഡോക്ടർ അബ്രഹാം മത്തായി അനുസ്മരിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ 30 -നാണ് ഹാർമണി ഫൗണ്ടേഷൻ ഈ പുരസ്കാര ജേതാക്കാളെ പ്രഖ്യാപിച്ചത്. ടിബറ്റിന്റെ ബുദ്ധമത നേതാവ് ദലൈ ലാമ, ഘാനയുടെ പ്രസിഡൻറ് നാന അക്കൂഫൊ അദ്ദൊ, മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിർ മൊഹമദ് യുണൈറ്റഡ് അറബ് എമിറൈറ്റ്സിന്റെ വിദേശകാര്യം അന്താരാഷ്ട്ര സഹകരണം എന്നിവക്കായുള്ള മന്ത്രി അബ്ദുള്ള ബിൻ സയിദ് അൽ നഹ്യൻ എന്നിവർക്ക് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.