ലോകത്ത് 27 കോടിയിലധികം ജനങ്ങൾ പട്ടിണിയിൽ: ‘സേവ് ദി ചിൽഡ്രൻ’ സംഘടന

ലോകത്താകമാനം 27 കോടിയിലധികം ജനങ്ങൾ പട്ടിണിയിലെന്ന് ‘സേവ് ദി ചിൽഡ്രൻ’ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, ലോകത്ത് പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി ‘സേവ് ദി ചിൽഡ്രൻ’ സംഘടന അറിയിച്ചു.

എത്യോപ്യ, യെമൻ, ദക്ഷിണ സുഡാൻ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ കഠിനമായ വരൾച്ച അനുഭവപ്പെടുന്നതായും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഈ സംഘടന അറിയിച്ചു. നേരത്തെ തന്നെ നിലനിന്നിരുന്ന സംഘർഷങ്ങൾക്കും കോവിഡ് മഹാമാരിക്കും പുറമെയാണ് ഈ പ്രദേശങ്ങളിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കിക്കൊണ്ട് വരൾച്ചയെത്തിയത്.

ആഗോളതലത്തിൽ ഈ പ്രശ്നപരിഹാരങ്ങൾക്കായി പ്രവർത്തിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവിൽ 19 രാജ്യങ്ങളിൽ ക്ഷാമം തടയുന്നതിനായി ഏതാണ്ട് മൂന്നു കോടിയോളം ഡോളർ ഇവർ നീക്കിവച്ചിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിൽ ഭക്ഷണം, ധനസഹായം എന്നിവയുൾപ്പെടെ ആവശ്യവസ്തുക്കളും സേവ് ദി ചിൽഡ്രൻ വിതരണം ചെയ്തുവരുന്നു.

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കഠിനമായ ആഗോളക്ഷാമമാണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ സംഘടന, പലയിടങ്ങളിലും അതിജീവനത്തിനായി തികച്ചും വൃത്തിഹീനമായ മാർഗ്ഗങ്ങൾ വരെ പലർക്കും സ്വീകരിക്കേണ്ടി വരുന്നുണ്ടെന്ന് അറിയിച്ചു. രണ്ടു വർഷങ്ങൾക്കു മുൻപ് ഏതാണ്ട് പതിമൂന്നു കോടി ജനങ്ങളാണ് പട്ടിണി അനുഭവിച്ചിരുന്നതെങ്കിൽ, നിലവിലെ കണക്കുകൾ പ്രകാരം ഇരുപത്തിയെട്ടോളം കോടി ആളുകളാണ് ഇന്ന് കടുത്ത പട്ടിണി അനുഭവിക്കുന്നത്.

ഉക്രൈനിൽ തുടരുന്ന യുദ്ധം ആഗോള ഭക്ഷ്യസംവിധാനത്തെ തകർത്തുവെന്ന് അറിയിച്ച സംഘാടന, പലയിടങ്ങളിലും ഗോതമ്പിന്റെയും എണ്ണയുടെയും വില കുതിച്ചുയർന്നുവെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ മുതൽ യെമൻ, പശ്ചിമാഫ്രിക്കയിലെ സഹേൽ പ്രദേശം വരെയുള്ള രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമായി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.