മോണ്‍. അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1-ന്

മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മോണ്‍. അലക്സ് താരാമംഗലം നവംബര്‍ 1-ന് അഭിഷിക്തനാകും. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 9.15- ന് ചടങ്ങുകള്‍ ആരംഭിക്കും. തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മ്മികനായിരിക്കും. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്നാട് – ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. മാനന്തവാടി രൂപത ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ കാനോനിക്കല്‍ പ്രൊവിഷന്‍ വായിക്കും. സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മുഖ്യസന്ദേശം നല്‍കും. മാനന്തവാടി രൂപത വികാരി ജനറല്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ചുഡീക്കന്‍ ആയിരിക്കും.

മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനത്തില്‍ സീറോമലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായില്‍, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിന്‍സണ്‍ ചെങ്ങിനിയത്ത് CST, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് മാര്‍ അലക്സ് താരാമംഗലം മറുപടി പ്രസംഗം നടത്തും. പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് മണക്കുന്നേല്‍ കൃതജ്ഞത പ്രകാശനം നിര്‍വ്വഹിക്കും. തിരുക്കര്‍മ്മങ്ങളില്‍ കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അത്മായരും, പേരാവൂര്‍, മാനന്തവാടി, കല്‍പറ്റ, ബത്തേരി, നിലമ്പൂര്‍, ഗൂഡല്ലൂര്‍ MLA- മാരും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കളും, മറ്റ് ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകളും പങ്കെടുക്കും.

മാനന്തവാടി രൂപതയുടെ സഹായമെത്രാനായി മോണ്‍. അലക്സ് താരാമംഗലത്തിനെ, സീറോമലബാര്‍ സഭയുടെ മുപ്പതാമത് സിനഡ് സമ്മേളനം ഓഗസ്റ്റ് 25- നാണ് തിരഞ്ഞെടുത്തത്. മാനന്തവാടി രൂപതയുടെ മാതൃരൂപതയായ തലശ്ശേരി അതിരൂപതയിലെ വൈദികനാണ് മോണ്‍. അലക്സ് താരാമംഗലം. 1958 ഏപ്രില്‍ 20- ന് താരാമംഗലം കുര്യാച്ചന്‍ – അന്നക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി പാലാ രൂപതയിലെ മൂഴൂര്‍ ഇടവകയിലാണ് അദ്ദേഹം ജനിച്ചത്. തലശ്ശേരി അതിരൂപതയിലെ പാത്തന്‍പാറ ഇടവകയിലാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

സ്കൂള്‍ പഠനത്തിനു ശേഷം 1973- ല്‍ തലശ്ശേരി സെന്‍റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് മേജര്‍ സെമിനാരിയിലെ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനങ്ങള്‍ക്കു ശേഷം 1983 ജനുവരി ഒന്നിന് പാത്തന്‍പാറ ഇടവകയില്‍ വച്ച് അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് പുരോഹിതപട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷത്തെ അജപാലന ശുശ്രൂഷക്കു ശേഷം 1986 മുതല്‍ 1992 വരെ റോമില്‍ ഉപരിപഠനം നടത്തി. അവിടെയുള്ള ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1993 മുതല്‍ 1995 വരെ കോട്ടയം – വടവാതൂര്‍, ആലുവ – മംഗലപ്പുഴ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. തുടര്‍ന്ന് വടവാതൂര്‍ സെമിനാരിയില്‍ സ്ഥിരം അധ്യാപകനായി. അവിടെ ദീര്‍ഘകാലം റെക്ടറായും സേവനം ചെയ്തു. 2016 മുതല്‍ 2022 മെയ് വരെ തലശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആയിരുന്നു. പിന്നീട് ഇരിട്ടി – മാടത്തില്‍ ഇടവകയില്‍ വികാരിയായി സേവനം ചെയ്യവെയാണ് മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനായിരിക്കുന്നത്. ബഹുഭാഷാ പണ്ഡിതനും മികച്ച ധ്യാനഗുരുവുമാണ് മോണ്‍. അലക്സ് താരാമംഗലം.

1973 മാര്‍ച്ച് ഒന്നാം തീയതി പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ച മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തിലാണ് ആദ്യമായി സഹായമെത്രാന്‍ സ്ഥാനം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. മാര്‍ ജേക്കബ് തൂങ്കുഴി, യശ:ശരീരനായ മാര്‍ എമ്മാനുവല്‍ പോത്തനാമൂഴി, ഇപ്പോഴത്തെ മെത്രാനായ മാര്‍ ജോസ് പൊരുന്നേടം എന്നിവരാണ് ഇതുവരെ മാനന്തവാടി രൂപതയുടെ മെത്രാന്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ ശ്രേണിയുടെ സമീപത്തേക്കാണ് മോണ്‍. അലക്സ് താരാമംഗലം എത്തിച്ചേരുന്നത്.

വയനാട്, മലപ്പുറം, കണ്ണൂര്‍, നീലഗിരി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ രൂപതയില്‍ 37,000  കുടുംബങ്ങളും ഒരു ലക്ഷത്തി അറുപതിനായിരം അംഗങ്ങളുമുണ്ട്. അവരുടെ കൂടുതല്‍ ഫലപ്രദമായ അജപാലനത്തിന് പുതിയ സഹായമെത്രാന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാകും. മെത്രാഭിഷേക ചടങ്ങിനുള്ള എല്ലാവിധ ഒരുക്കങ്ങളും മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ചെയര്‍മാനും ഫാ. തോമസ് മണക്കുന്നേല്‍ ജനറല്‍ കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. ചടങ്ങിനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട്, ദ്വാരക AUP സ്കൂള്‍ ഗ്രൗണ്ടുകളിലാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹി കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ മാനന്തവാടി രൂപത വികാരിജനറല്‍ മോൺസിഞ്ഞോര്‍ പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസ് കൊച്ചറയ്ക്കല്‍, ശ്രീ. ജോസ് മാത്യു പുഞ്ചയില്‍, ശ്രീ. ബാബു നമ്പുടാകം, ശ്രീ. ജോസ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.