മൊസാംബിക്കിൽ അനാഥാലയത്തെ സഹായിക്കുന്നതിനിടെ മിഷനറി പൈലറ്റ് അറസ്റ്റിലായി; മോചനത്തിനായുള്ള ആവശ്യം ശക്തമാകുന്നു

മൊസാംബിക്കിൽ വിമതർക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് ഒരു മാസം മുമ്പ് അറസ്റ്റിലായ അമേരിക്കൻ മിഷനറി പൈലറ്റിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംഘർഷം രൂക്ഷമായ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ അനാഥാലയങ്ങളിലേക്ക് വിറ്റാമിനുകളും മറ്റ് സാധനങ്ങളും എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 31 -കാരനായ റയാൻ കോഹറും രണ്ട് ദക്ഷിണാഫ്രിക്കൻ സന്നദ്ധപ്രവർത്തകരും അറസ്റ്റിലായത്.

മിഷൻ ഏവിയേഷൻ ഫെലോഷിപ്പിന്റെ സിഇഒ ഡേവിഡ് ഹോൾസ്റ്റൺ പൈലറ്റിനെ മോചിപ്പിക്കണമെന്ന് മൊസാംബിക്ക് സർക്കാരിനോട് ആവശ്യപ്പെട്ടത്. റയാൻ നിരപരാധിയാണെന്നും ക്രിസ്തുമസ് ആകുമ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “റയാന്റെ സുരക്ഷിതത്വത്തിനും വേഗത്തിലുള്ള മോചനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മൊസാംബിക്കിലും യുഎസിലും അധികാരത്തിലുള്ളവർ വ്യാജമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന റയാന്റെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യണം.” -ഹോൾസ്റ്റൺ പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കാർ കപ്പലിൽ കൊണ്ടുവന്ന രണ്ട് ബാഗുകളിൽ നിന്ന് സംശയാസ്പദമായ സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധികൃതർ എന്താണ് കണ്ടെത്തിയതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. വിമത ഗ്രൂപ്പുകളെ സഹായിച്ചു എന്നാണ് ഇവരുടെ ആരോപണം.

കോഹെർ ഇപ്പോൾ സുരക്ഷാ ജയിലിലാണ് ഉള്ളത്. യുഎസ് എംബസി ഉദ്യോഗസ്ഥർ അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും മൊസാംബിക്കിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എങ്കിലും സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച് പിന്നീട് യുഎസിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.