ഇന്തോനേഷ്യയിലെ കുഷ്ഠരോഗികൾക്കായി ജീവിച്ച മിഷനറി സന്യാസിനി

ഇന്തോനേഷ്യയിലെ ‘മിഷനറി സിസ്റ്റേഴ്സ് സെർവന്റ്സ് ഓഫ് ഹോളി സ്പിരിറ്റ്’ സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്നു സി. വിർജുള. ഇന്തോനേഷ്യയിൽ ആദ്യമായി കുഷ്ഠരോഗികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഈ സന്യാസിനിയാണ്. അനേകം രോഗികൾക്ക് സഹായവും വെളിച്ചവുമായി ജീവിച്ച ഈ സന്യാസിനി ജൂൺ 27-ന് തന്റെ തൊണ്ണൂറ്റിമൂന്നാം വയസിൽ നിത്യസമ്മാനത്തിനായി യാത്രയായി.

1929 സെപ്റ്റംബർ മൂന്നിന് ജർമ്മനിയിലെ ഗ്രുനെബാക്കിലാണ് സി. വിർജുള ജനിച്ചത്. 1965-ൽ ഇന്തോനേഷ്യയിൽ ഒരു മിഷനറിയായി എത്തിയ സി. വിർജുള, ഫ്ലോറസ് ദ്വീപിന്റെ കിഴക്കുഭാഗത്തുള്ള മംഗരായ് പ്രദേശത്ത് വർഷങ്ങളോളം താമസിച്ചു. അവിടെ ദരിദ്രരെയും രോഗികളെയും സേവിക്കാൻ സ്വയം സമർപ്പിച്ചു. സി. വിർജുളയാണ് ഇന്തോനേഷ്യയിൽ ആദ്യമായി കുഷ്ഠരോഗികൾക്കു വേണ്ടിയും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവർക്കു വേണ്ടിയും സേവനം ചെയ്തുതുടങ്ങിയത്. “വിവിധ രോഗങ്ങളാൽ ബന്ധിക്കപ്പെട്ടവരെ മോചിപ്പിക്കാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം അവർ ദൈവത്തിന്റെ മക്കളാണ്” – സിസ്റ്റർ പറഞ്ഞു.

ഇന്തോനേഷ്യയിലെ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിലായിരുന്നു സി. വിർജുള ശ്രദ്ധിച്ചിരുന്നത്. അവർക്കായി രാജ്യത്ത് രണ്ട് പുനരധിവാസ കേന്ദ്രങ്ങളും സിസ്റ്ററിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായി. ഫ്ലോറസ് ദ്വീപിലെ കാൻകാറിലും ബിനോങ്കോയിലുമായി വി. ഡാമിയന്റെയും വി. റാഫേലിന്റെയും പേരിലാണ് ആ സ്ഥാപനങ്ങൾ.

ഒരിക്കൽ ഒരു ഫ്രാൻസിസ്കൻ വൈദികൻ, കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഷ്ഠരോഗിയെ വിർജുള സിസ്റ്റർ സേവനം ചെയ്യുന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു. ആ രോഗിയുടെ ശരീരം മുഴുവൻ വൃണങ്ങൾ നിറഞ്ഞതായിരുന്നു. അതോടൊപ്പം നീണ്ടമുടിയും. ഈ ദൃശ്യം വിർജുള സിസ്റ്ററെ ഏറെ സ്വാധീനിച്ചു. സിസ്റ്റർ, തന്നാൽ കഴിയുന്ന ഏറ്റവും നല്ല ശുശ്രൂഷ ആ രോഗിക്കു നൽകി.

മരണത്തിന്റെ വക്കോളം എത്തിയ അനേകം രോഗികളെ ശുശ്രൂഷിക്കാൻ സിസ്റ്ററിന് അവസരം ലഭിച്ചിട്ടുണ്ട്. അതിൽ പലരും ജീവിതത്തിലേക്ക് കരകയറി. അതിൽ എടുത്തുപറയേണ്ട ഒരു ജീവനാണ് യാൻസിന്റേത്. സി. വിർജുള ശുശ്രൂഷിച്ച ആദ്യത്തെ അനാഥൻ. ജനിച്ചപ്പോൾ ആ കുഞ്ഞിന് വെറും 600 ഗ്രാം മാത്രമായിരുന്നു തൂക്കമുണ്ടായിരുന്നത്. അവനെയും സ്വന്തം മകനെപ്പോലെ സ്നേഹിച്ച്, സിസ്റ്റർ ശുശ്രൂഷിച്ചു. യാൻസ് ജീവിതത്തിലേക്ക് മടങ്ങിവന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ മൂലമാണെന്നാണ് സിസ്റ്റർ പറയുന്നത്.

“ഞാൻ ദൈവഹിതം അനുസരിച്ച് ജീവിക്കുന്നുവെന്നേയുള്ളൂ. ഞാൻ എന്നും രാവിലെ പ്രാർത്ഥിക്കും. ദൈവഹിതപ്രകാരം ഓരോ ദിവസവും പ്രവർത്തിക്കാൻ പ്രാർത്ഥനയാണ് എന്റെ ബലം; എന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഞാൻ ഒന്നിനെക്കുറിച്ചും ആകുലയല്ല. കാരണം ദൈവം എന്നോടൊപ്പമുണ്ട്” – സി. വിർജുള പറഞ്ഞു. പലപ്പോഴും ഇവർക്ക് മരുന്നുകളുടെയും ആവശ്യസാധനങ്ങളുടെയും ആവശ്യം വരാറുണ്ട്. എന്നാൽ ദൈവത്തിന്റെ പരിപാലന ഈ സന്യാസിനികളെ പലപ്പോഴും അമ്പരപ്പിക്കുന്നു.

വി. അർനോൾഡ് ജാൻസൻ 1889-ൽ സ്റ്റെയ്ലിൽ സ്ഥാപിച്ച ഒരു മിഷനറി സന്യാസിനീ സഭയാണ് ‘മിഷനറി സിസ്റ്റേഴ്സ് സെർവന്റ്സ് ഓഫ് ഹോളി സ്പിരിറ്റ്.’ നിലവിൽ ഈ സഭയ്ക്ക് 46 രാജ്യങ്ങളിലായി മൂവായിരത്തിലധികം അംഗങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.