വാഴ്ത്തപ്പെട്ട ആർത്തെമിഡ്‌സ് സാത്തിയുടെ വിശുദ്ധ പദവിയ്ക്ക് കാരണമായ അത്ഭുതം

വാഴ്ത്തപ്പെട്ട ആർത്തെമിഡ്‌സ് സാത്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. രോഗികളെ പരിചരിക്കുന്നതിനായി ജീവിതം സമർപ്പിച്ച നഴ്‌സായ വാഴ്ത്തപ്പെട്ട സാത്തിയെ  ഫ്രാൻസിസ് മാർപാപ്പ തന്റെ ആത്മീയ സുഹൃത്തായാണ് കണക്കാക്കുന്നത്.

തലയിൽ ഗുരുതരമായ ഇസെമിക് സ്ട്രോക്ക് മൂലം മരണത്തോട് അടുത്തിരുന്ന ഒരു ഫിലിപ്പിനോക്കാരന്റെ രോഗശാന്തിയാണ് വാഴ്ത്തപ്പെട്ട സാത്തിയുടെ നാമകരണ നടപടിയ്ക്ക് കാരണമായത്. കോൺഗ്രിഗേഷൻ ഫോർ ദി കോസസ് ഓഫ് സെയിന്റ്സ് പറയുന്നതനുസരിച്ച്, 2016 ഓഗസ്റ്റ് 24- ന് ഫിലിപ്പൈൻസിലെ ബറ്റാംഗാസ് പ്രവിശ്യയിലെ തനൗവൻ നഗരത്തിലാണ് രോഗശാന്തി നടന്നത്. 2016 ഓഗസ്റ്റ് 11- ന് ഒരു ഫിലിപ്പിനോക്കാരനെ ശാരീരിക അസ്വസ്ഥതകൾ മൂലം തനൗവൻ നഗരത്തിലെ ഡാനിയൽ മെർകാഡോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിൽ അദ്ദേഹത്തിന്റെ തലയിൽ കനത്ത രക്തസ്രാവമുള്ളതായി കണ്ടെത്തി. 2016 ഓഗസ്റ്റ് 13- ന് രോഗിയുടെ നില വഷളായതിനെ തുടർന്ന്, അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഓപ്പറേഷൻ നടന്നില്ല.

2016 ഓഗസ്റ്റ് 21- ന് കുടുംബം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരുകയും അന്ത്യകൂദാശകൾ നൽകുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തിൽ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടായത്. എല്ലാവരെയും അത്ഭുതപ്പെടുത്തി ക്രമേണ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. ഈ രോഗിയുടെ സഹോദരൻ റോമിലെ സലേഷ്യൻ സമൂഹത്തിലെ അംഗമായിരുന്നു. അദ്ദേഹം തന്റെ സഹോദരന്റെ രോഗസൗഖ്യത്തിനുവേണ്ടി, തുടക്കം മുതലേ വാഴ്ത്തപ്പെട്ട സാത്തിയുടെ മാദ്ധ്യസ്ഥം യാചിക്കുന്നുണ്ടായിരുന്നു. വാഴ്ത്തപ്പെട്ട സാത്തിയുടെ മധ്യസ്ഥതയിലൂടെ ലഭിച്ച അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ ഒൻപതിനാണ് അംഗീകാരം നൽകിയത്. തുടർന്ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് ഇത് തുടക്കം കുറിച്ചു.

ഇറ്റലിയിൽ ജനിച്ച വാഴ്ത്തപ്പെട്ട സാത്തി, 1897- ൽ തന്റെ പതിനാറാമത്തെ വയസ്സിൽ ദാരിദ്ര്യം മൂലം കുടുംബത്തോടപ്പം അർജന്റീനയിലേക്ക് പലായനം ചെയ്തതാണ്. തന്റെ ഇരുപതാമത്തെ വയസ്സിലാണ് അദ്ദേഹം സലേഷ്യൻ സന്യാസസമൂഹത്തിൽ വൈദികാർത്ഥിയായി ചേർന്നത്. എന്നാൽ വൈകാതെ തന്നെ അദ്ദേഹം ക്ഷയരോഗബാധിതനായി. തന്റെ രോഗസൗഖ്യത്തിനായി അദ്ദേഹം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി. തനിക്ക് രോഗസൗഖ്യം ലഭിച്ചാൽ ഇനിയുള്ള ജീവിതം വേദനിക്കുന്നവർക്കും രോഗികൾക്കുവേണ്ടി സമർപ്പിക്കാമെന്ന് അദ്ദേഹം അന്ന് വാഗ്ദാനം ചെയ്‌തു. തുടർന്ന് രോഗസൗഖ്യം പ്രാപിച്ച സാത്തി വൈദികനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അത്മായ സഹോദരനായി ജീവിക്കാൻ തീരുമാനിച്ചു. ഒരു നഴ്‌സായ സാത്തി തന്റെ സേവനം ആശുപത്രിയുടെ നാല് ചുവരുകൾക്കുളിൽ മാത്രം ഒതുക്കിയല്ല. പിന്നെയോ, നഗരത്തിന്റെ അതിർത്തികളിലേക്ക് ഇറങ്ങിച്ചെന്ന്, അനാഥരും രോഗികളുമായിട്ടുള്ളവരെ ശുശ്രൂഷിച്ചു. 1951, മാർച്ച് 15- ന് തന്റെ എഴുപതാമത്തെ വയസ്സിലാണ് സാത്തി നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.