ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് കാരണമായ അത്ഭുതം

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം മാത്രം മാർപാപ്പയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ധന്യൻ ജോൺ പോൾ ഒന്നാമൻ പാപ്പാ. അദ്ദേഹത്തെ സെപ്റ്റംബർ നാലിന് ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുകയാണ്. ഒരു അണുബാധ മൂലം അപസ്മാരം രോഗം ബാധിച്ച കാൻഡല ഗിയാർഡ എന്ന യുവതിയുടെ രോഗസൗഖ്യമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികൾക്ക് കാരണമായ അദ്‌ഭുതം.

2011- ൽ, 62 ദിവസമാണ് കാൻഡല ഗിയാർഡ എന്ന പെൺക്കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിച്ചത്. മകൾ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്ന അവളുടെ അമ്മയോട്, കാൻഡല മരിക്കാൻ പോകുകയാണെന്ന് ഡോക്ടർ അറിയിച്ചു. എന്ത് ചെയ്യണമെന്ന് ആ അമ്മയ്ക്ക് മനസിലായില്ല. പക്ഷേ അടുത്ത നിമിഷം, അമ്മ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ആശുപത്രിയുടെ സമീപമുള്ള കത്തോലിക്കാ ദേവാലയത്തിലേക്ക് ചെന്നു.

അവിടെയുണ്ടായിരുന്ന ഫാ. ജോസ് ദബുസ്തിയുമായി അമ്മ ആശുപത്രിയിലേക്ക് തിരിച്ചെത്തി. ഫാ. ജോസ് മരണത്തോട് മല്ലടിക്കുന്ന കാൻഡലയുടെ മേൽ കൈകൾ വെച്ച് ജോൺ പോൾ ഒന്നാമൻ പാപ്പായ്ക്ക് അവളെ സമർപ്പിച്ചു. തുടർന്നും പ്രാർത്ഥിക്കണമെന്ന് അമ്മയോട് പറഞ്ഞശേഷം ആ വൈദികൻ തിരിച്ചുപോന്നു. എന്നാൽ അടുത്ത ദിവസം മുതൽ കാൻഡലയുടെ ആരോഗ്യം മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. കേൾക്കുന്നത് സത്യമോ കള്ളമോ എന്ന് പോലും ആ അമ്മ ഒരു നിമിഷം ചിന്തിച്ചുപോയി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കാൻഡല ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്ന് അവൾ യൂണിവേഴ്സിറ്റിയിലെ ഒരു ഉദ്യോഗസ്ഥയാണ്.

33 ദിവസം മാത്രമാണ് ജോൺ പോൾ ഒന്നാമൻ പാപ്പാ കത്തോലിക്കാ സഭയുടെ തലവനായി സേവനം ചെയ്‌തത്‌. 1978 സെപ്റ്റംബർ 28- ന് വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു അദ്ദേഹം മരണമണഞ്ഞത്. 2017 നവംബർ എട്ടിന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.